യുവാവിനെ കാറിന്‍റെ ബോണലിട്ട് വലിച്ചിഴയ്‌ക്കുന്ന ദൃശ്യങ്ങള്‍ ബെംഗളൂരു: അപകടത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം മൂലം യുവാവിനെ കാറിന്‍റെ ബോണറ്റില്‍ വലിച്ചിഴച്ചു. ബെംഗളൂരു നഗരത്തില്‍ ജ്ഞാന ഭാതി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഉള്ളാലയില്‍ രാവിലെ 10.30ഓടെയായിരുന്നു സംഭവം. ഇരു കാറുകളുടെയും ഡ്രൈവര്‍മാർ അടക്കം അഞ്ച് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ഉള്ളാലയിലെ മംഗളൂരു കോളജിന് സമീപം മാരുതി സുസുക്കി സ്വിഫ്‌റ്റ് കാറും ടാറ്റ നെക്‌സോണും കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. സ്വിഫ്‌റ്റ് കാര്‍ ഓടിച്ചിരുന്നത് വലിച്ചിഴക്കയ്‌പ്പെട്ട ദര്‍ശന്‍ എന്ന യുവാവായിരുന്നു. അപകടമുണ്ടായ സമയം നെക്‌സോണ്‍ ഓടിച്ചിരുന്ന സ്‌ത്രീയും ദര്‍ശനുമായി തര്‍ക്കമുണ്ടാവുകയും ദര്‍ശന്‍ കാറിന്‍റെ പുറത്തിറങ്ങി ഇവരെ ചോദ്യം ചെയ്യുകയും ചെയ്‌തു.
ഇതേതുടര്‍ന്നുണ്ടായ രോഷം മൂലം യുവതി കാര്‍ മുന്നോട്ടെടുക്കുകയും ദര്‍ശന്‍ ബോണറ്റില്‍ തെറിച്ചുവീഴുകയുമായിരുന്നു. ഇത് വകവയ്‌ക്കാതെ അവര്‍ കാര്‍ വേഗത്തില്‍ ഓടിച്ച് പോവുകയായിരുന്നു. തുടര്‍ന്ന് ദര്‍ശന്‍റെ സുഹൃത്തെത്തി കാര്‍ തടയുകയും കാറിന്‍റെ ചില്ല് തകര്‍ക്കുകയും സ്‌ത്രീയുടെ ഭര്‍ത്താവിനെ ആക്രമിക്കുകയും ചെയ്‌തു.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ദര്‍ശനെ ബോണറ്റിലിട്ട് വലിച്ചിഴച്ചതിന് യുവതിയ്‌ക്കെതിരായി കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു. കൂടാതെ, യുവതിയുടെ ഭര്‍ത്താവിനോട് അപമര്യാദയായി പെരുമാറിയതിനും കാര്‍ അടിച്ച് തകര്‍ത്തതിനും ദര്‍ശനെതിരെയും സുഹൃത്തുക്കള്‍ക്കെതിരെയും കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് ഡിസിപി ലക്ഷ്‌മണ്‍ നിംബരാഗി പറഞ്ഞു.