ആഗ്ര (ഉത്തർപ്രദേശ്):തെരുവുനായ്‌ക്കളെ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് റെസിഡൻഷ്യൽ സെക്യൂരിറ്റി ഗാർഡിനെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്‌ത് സ്ത്രീ. മൃഗാവകാശ പ്രവർത്തകയാണെന്ന് അവകാശപ്പെടുന്ന ഡിംപി മഹേന്ദ്രു എന്ന യുവതിയാണ് ന്യൂ ആഗ്ര പൊലീസ് സ്റ്റേഷന്‍റെ പരിധിയിൽ വരുന്ന എൽഐസി ഓഫിസേഴ്‌സ് കോളനിയുടെ സെക്യൂരിറ്റി ഗാർഡ് അഖിലേഷ് സിങ്ങിനെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്‌തത്. 2.10 മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ യുവതി സെക്യൂരിറ്റി ഗാർഡിനെ വടികൊണ്ട് തല്ലുകയും ഇയാൾക്കെതിരെ ബിജെപി എംപി മനേക ഗാന്ധിയ്‌ക്ക് പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തുന്നതും കാണാം.
താനൊരു മുൻ സൈനികനാണെന്നും കോളനിയിൽ നിന്നും തെരുവുനായ്‌ക്കളെ ഓടിക്കാൻ ശ്രമിച്ചതാണെന്നും അഖിലേഷ് സിങ് മർദനത്തിനിടെ പറയുന്നുണ്ട്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ അഖിലേഷ് സിങ്ങിന്‍റെ പരാതിയിൽ യുവതിയ്‌ക്കെതിരെ കേസെടുത്തതായി ആഗ്ര പൊലീസ് അറിയിച്ചു. യുവതിയുടെ വിശദാംശങ്ങൾ കണ്ടെത്താൻ ശ്രമിച്ചുവരികയാണെന്ന് ന്യൂ ആഗ്ര പൊലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒ വിജയ് വികാരം സിങ് അറിയിച്ചു.