ഹൈദരാബാദ് : 50 ലക്ഷം രൂപയുടെ വജ്ര മോതിരം മോഷ്‌ടിച്ച ശേഷം ടോയ്‌ലറ്റിൽ വലിച്ചെറിഞ്ഞ് യുവതി. പൊലീസ് പിടികൂടുമെന്ന് ഭയന്നാണ് യുവതി മോതിരം ടോയ്‌ലറ്റിൽ ഉപേക്ഷിച്ചത്. ജൂൺ 27ന് ദന്തൽ ക്ലിനിക്കിൽ ചികിത്സക്കെത്തിയ യുവതിയുടെ മോതിരമാണ് ജീവനക്കാരി മോഷ്‌ടിച്ചത്.
തെലങ്കാനയിലെ ഹൈദരാബാദിൽ ബഞ്ചാര ഹിൽസിലെ നരേന്ദ്ര കുമാർ അഗർവാളിന്‍റെ മരുമകളുടെ മോതിരമാണ് യുവതി മോഷ്‌ടിച്ചത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ എഫ്എംഎസ് ദന്തൽ ആൻഡ് സ്‌കിൻ ക്ലിനിക്കിൽ വച്ചാണ് യുവതിയുടെ മോതിരം കാണാതായത്. ചികിത്സയ്ക്കിടെ യുവതി വിരലിൽ നിന്ന് മോതിരം ഊരി സൈഡ് ടേബിളിൽ വച്ചു.
എന്നാൽ, ചികിത്സയ്‌ക്ക് ശേഷം ക്ലിനിക്കിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ മോതിരം എടുക്കാൻ മറക്കുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം, ക്ലിനിക്കിലെ ജീവനക്കാരി ഈ മോതിരം കാണുകയും അത് എടുത്ത് സ്വന്തം പേഴ്‌സിലിടുകയും ചെയ്‌തു. എന്നാൽ, മോതിരം വളരെ വിലപിടിപ്പുള്ളതാണെന്ന് മനസിലാക്കിയതോടെ പൊലീസ് പിടികൂടുമെന്ന് യുവതി ഭയന്നു. തുടർന്ന് ബാത്ത്റൂമിൽ കയറി ടിഷ്യു പേപ്പർ കൊണ്ട് മോതിരം പൊതിഞ്ഞ ശേഷം ടോയ്‌ലറ്റിൽ ഇടുകയായിരുന്നു.
എന്നാൽ, വീട്ടിൽ തിരിച്ചെത്തിയ നരേന്ദ്ര കുമാർ അഗർവാളിന്‍റെ മരുമകൾക്ക് തന്‍റെ മോതിരം നഷ്‌ടപ്പെട്ടെന്ന് മനസിലായി. തുടർന്ന് ക്ലിനിക്കിലെ മേശപ്പുറത്ത് മോതിരം ഊരി വച്ചിരുന്ന കാര്യം യുവതി ഓർത്തെടുക്കുകയും ക്ലിനിക്കിലേക്ക് തിരികെയെത്തുകയും ചെയ്‌തു. എന്നാൽ, ക്ലിനിക്കിൽ അന്വേഷിച്ചെങ്കിലും മോതിരം കണ്ടെത്താനായില്ല.
തുടർന്ന് നരേന്ദ്ര കുമാർ ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ഡി ഐ രാംപ്രസാദ്, ഡി എസ് ഐ രാജശേഖർ എന്നിവർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ലിനിക്കിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടർന്നു.
ക്ലിനിക്കിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്‌തു. ഒടുവിൽ മോതിരം ടോയ്‌ലറ്റിൽ വലിച്ചെറിഞ്ഞതായി ജീവനക്കാരിയായ യുവതി പൊലീസിനോട് പറഞ്ഞു. തുടർന്ന് പൊലീസ് മെക്കാനിക്കിനെ വിളിച്ച് ടോയ്‌ലറ്റ് പൈപ്പ് ലൈനുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. ജീവനക്കാരുടെയും മെക്കാനിക്കിന്‍റെയും സഹായത്തോടെ പൊലീസ് ടോയ്‌ലറ്റുമായി ബന്ധിപ്പിക്കുന്ന വാട്ടർ പൈപ്പ് ലൈനിൽ നിന്ന് മോതിരം കണ്ടെടുത്തു. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയാണ്.
മോഷണശ്രമത്തിനിടെ ആഭരണം മോഷ്‌ടാവ് വിഴുങ്ങി : മോഷണ ശ്രമത്തിനിടെ സ്വർണക്കമ്മലുകൾ മോഷ്‌ടാവ് വിഴുങ്ങിയിരുന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ ബ്രഹ്മപുരി മേഖലയിലാണ് ആഭരണം മോഷ്‌ടാവ് വിഴുങ്ങിയത്. യുവതിയുടെ ആഭരണങ്ങൾ തട്ടിപ്പറിച്ച് ഓടുന്നതിനിടെ മോഷ്‌ടാവ് പിടിയിലായി. ഇതോടെയാണ് സ്വർണകമ്മലുകൾ ഇയാൾ വിഴുങ്ങിയത്. ജൂൺ 22ന് രാത്രി 10 മണിയോടെയായിരുന്നു സംഭവം.
ബ്രഹ്മപുരി നിവാസിയായ ഫൂലൻ ദേവിയുടെ ആഭരണങ്ങളാണ് പ്രതി മോഷ്‌ടിക്കാൻ ശ്രമിച്ചത്. കേസിൽ പ്രതിയായ മുസ്‌തഫാബാദ് സ്വദേശി നസിറിനെ (34) പൊലീസ് പിടികൂടി. ഫൂലൻ ദേവി രാത്രിയിൽ വീട്ടിലേക്ക് പോകുന്നവഴി ബൈക്കിലെത്തിയ നസിർ യുവതിയുടെ നാല് ഗ്രാം തൂക്കമുള്ള സ്വർണ കമ്മലുകൾ പുറകിൽ നിന്ന് വലിച്ച് പറിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. തുടർന്ന് ഫൂലൻ ദേവി വഴിയാത്രക്കാരുടെ സഹായത്തോടെ മോഷ്‌ടാവിനെ പിടികൂടുകയായിരുന്നു. എന്നാൽ, നാട്ടുകാർ ചേർന്ന് ഇയാളെ ബൈക്കിൽ നിന്ന് താഴെയിറക്കിയപ്പോൾ നസിർ യുവതിയുടെ സ്വർണ കമ്മലുകൾ അവരുടെ മുൻപിൽ വച്ച് തന്നെ വിഴുങ്ങുകയായിരുന്നു.
More read :Delhi theft| സ്വർണ കമ്മലുകൾ തട്ടിപ്പറിച്ച് ഓടാൻ ശ്രമം, പിടിയിലായപ്പോൾ ആഭരണം വിഴുങ്ങി മോഷ്‌ടാവ്, ഒടുവിൽ അറസ്‌റ്റ്