സിയോനി:പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 50കാരി കൊല്ലപ്പെട്ടു. സിയോനിയിലെ ഉഗ്ലി സ്വദേശിയായ ഗജ്‌ര പഞ്ചേശ്വൽ ആണ് മരിച്ചത്. ഒരാഴ്‌ചയ്‌ക്കുള്ളിൽ വന്യജീവി ആക്രമണത്തിൽ മധ്യപ്രദേശിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്.
ചൊവ്വാഴ്‌ച വയലിൽ പണിയെടുക്കവേയായിരുന്നു സംഭവം. പുലിയെ കണ്ടതും കൂടെയുണ്ടായിരുന്നവർ സ്വയരക്ഷയ്‌ക്കായി ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന് 3.9 ലക്ഷം രൂപ ധനസഹായം നൽകുമെന്നും 10,000 രൂപ അടിയന്തര സഹായമായി നൽകിയിട്ടുണെന്നും വനംവകുപ്പ് അറിയിച്ചു.
ALSO READ: പിന്നില്‍ നിന്നുചാടി പുലി 16 കാരിയുടെ കഴുത്തില്‍ കടിച്ചു ; അച്ഛന്‍റെ മുന്നില്‍ ദാരുണാന്ത്യം
അതേസമയം വന്യജീവികളെ കുടുക്കാൻ നാല് കെണികൾ സ്ഥാപിച്ചതായി ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ (ഡിഎഫ്ഒ) എസ്.കെ.എസ് തിവാരി പറഞ്ഞു. നേരത്തേ ഒക്‌ടോബർ 16ന് പാണ്ടിവാഡയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 16കാരി കൊല്ലപ്പെട്ടിരുന്നു. മേഖലയിൽ വ്യാപകമായി കന്നുകാലികളെ ആക്രമിക്കുന്ന അതേ പുള്ളിപ്പുലി തന്നെയാണ് പ്രദേശവാസികളെയും ആക്രമിക്കുന്നതെന്ന് തിവാരി പറയുന്നു.
അതിനാൽ ഈ പുള്ളിപ്പുലിയെ നരഭോജിയായി പ്രഖ്യാപിക്കാൻ വനം ആസ്ഥാനത്തിന് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വന്യജീവി ആക്രമണമുള്ള ഈ മേഖലയിൽ നിന്ന് മാറി താമസിക്കാൻ പ്രദേശവാസികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഡിഎഫ്ഒ വ്യക്തമാക്കി.