ജയ്‌സാൽമീർ (രാജസ്ഥാൻ) : പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച് ഗുണ്ട നേതാവ്. രാജസ്ഥാനിലെ ജയ്‌സാൽമീറിലാണ് സംഭവം. പ്രദേശത്തെ ഗുണ്ട നേതാവായ പുഷ്പേന്ദ്ര സിങും സംഘവുമാണ് യുവതിയെ തട്ടിക്കൊണ്ട് പോയത്. ശേഷം ഇയാൾ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലമായി വിവാഹം കഴിക്കുകയും കയ്യിലെടുത്ത് അഗ്‌നിക്ക് ചുറ്റും വലം വയ്‌ക്കുകയും ചെയ്‌തു.
പെണ്‍കുട്ടിയെ പുഷ്പേന്ദ്ര സിങ് കൈകളിൽ എടുത്തുയർത്തി അഗ്‌നിക്ക് ചുറ്റും പ്രദക്ഷിണം വയ്‌ക്കുന്നതും ഇവർ നിലവിളിച്ച് കരയുന്നതുമായ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡൽഹി വനിത കമ്മീഷൻ ചെയർപേഴ്‌സണ്‍ സ്വാതി മലിവാൾ വീഡിയോ ട്വിറ്ററിലൂടെ പങ്കുവയ്‌ക്കുകയും സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് ആവശ്യപ്പെടുകയും ചെയ്‌തു.
'ജയ്‌സാൽമീറിലെ മാധ്യമങ്ങളാണ് ഈ വീഡിയോ പങ്കുവച്ചത്. ഒരു പെൺകുട്ടിയെ പൊതുസ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടുപോയി മരുഭൂമിയിൽ എത്തിയിട്ട് നിർബന്ധിച്ച് വിവാഹം കഴിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇത് വളരെ ഞെട്ടിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ ഒരു സംഭവമാണ്. അശേക് ഗെലോട്ട് ജി വിഷയം അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കുക', സ്വാതി മലിവാൾ ട്വിറ്ററിൽ കുറിച്ചു.
റിപ്പോർട്ടുകൾ അനുസരിച്ച് വരുന്ന ജൂണ്‍ 12നാണ് പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ പെണ്‍കുട്ടിയെ തനിക്ക് വിവാഹം കഴിപ്പിച്ച് നൽകണം എന്നാവശ്യപ്പെട്ട് പുഷ്പേന്ദ്ര ഇവരുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ പെണ്‍കുട്ടിയും വീട്ടുകാരും ഇതിന് തയ്യാറായില്ല.