റാഞ്ചി: ഏഴ് മാസം ഗര്‍ഭിണിയായിരിക്കെ അഞ്ച് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ജാര്‍ഖണ്ഡ് സ്വദേശിയായ യുവതി. ഛത്ര ജില്ലയിലെ ഇത്‌ഖോരി സ്വദേശിനിയാണ് റിംസ് (രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസമാണ് സംഭവം.
മാസം തികയാത്തത് കൊണ്ട് തന്നെ അഞ്ച് കുഞ്ഞുങ്ങളെയും എന്‍ഐസിയുവില്‍ (നിയോനേറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റ്) പ്രവേശിപ്പിച്ചു. കുഞ്ഞുങ്ങളെ ഡോക്‌ടര്‍മാര്‍ നിരന്തരം നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. വിവാഹ ശേഷം ഏറെ കാലം കുഞ്ഞുങ്ങളില്ലാതിരുന്ന യുവതി നിരവധി ആശുപത്രികളില്‍ ചികത്സ തേടിയിരുന്നു.
ബസാരിബാഗിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി നേരത്തെ ചികിത്സ തേടിയിരുന്നത്. തുടര്‍ച്ചയായി ചികിത്സയിലായിരുന്ന യുവതി ഗര്‍ഭിണിയാകുകയും ഏഴാം മാസത്തില്‍ പ്രസവ വേദന വന്നതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയുമായിരുന്നുവെന്ന് ഡോക്‌ടര്‍ ശശി ബാല സിങ് പറഞ്ഞു. പ്രസവത്തെ തുടര്‍ന്ന് യുവതിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്നും ഡോക്‌ടര്‍ പറഞ്ഞു.
ജാര്‍ഖണ്ഡിലും ബിഹാറിലുമായി ആദ്യമായാണ് ഒരു യുവതി ഒരേ സമയം അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു.
ഒറ്റ പ്രസവം കൊണ്ട് ഗിന്നസ് റെക്കോഡില്‍ മുത്തമിട്ട് മാലി സ്വദേശി: രണ്ട് വര്‍ഷം മുമ്പാണ് ഒറ്റ പ്രസവത്തില്‍ ഒമ്പത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി മാലി സ്വദേശിനി ഗിന്നസ് റെക്കോഡ് നേടിയത്. മാലി സ്വദേശിയായ ഹലീമ സിസെയാണ് മൊറോക്കോയിലെ ആശുപത്രിയില്‍ ജന്മം നല്‍കിയത്. ഗര്‍ഭിണിയായിരിക്കെ വയറിനകത്ത് ഏഴ് കുഞ്ഞുങ്ങളുണ്ടെന്ന് സ്‌കാനിങ്ങിലൂടെ ഹലീമയ്‌ക്ക് മനസിലാക്കാനായിരുന്നു. എന്നാല്‍ പ്രസവ സമയത്താണ് ഒമ്പത് കുഞ്ഞുങ്ങളുണ്ടെന്ന് ഹലീമ പോലും തിരിച്ചറിഞ്ഞത്.