ന്യൂഡൽഹി: ഡൽഹിയിലെ ഷഹ്ദാരയിൽ ഇരുപത്കാരിക്ക് നേരെ സ്ത്രീകളുൾപ്പെട്ട മദ്യവിൽപ്പന സംഘത്തിന്‍റെ ആക്രമണം. യുവതിയുടെ തലമുടി മുറിച്ച്, മുഖത്ത് കറുത്ത ചായം പൂശി, വസ്‌ത്രങ്ങൾ വലിച്ച് കീറി, ചെരുപ്പ് മാലയണിഞ്ഞ് പരസ്യമായി റോഡിലൂടെ നടത്തിയാണ് സംഘം ആക്രമിച്ചത്. നൂറ് കണക്കിന് സ്ത്രീകളുടെ നേതൃത്വത്തിലാണ് യുവതിക്ക് നേരെ ആക്രമണം അരങ്ങേറിയത്. സംഭവത്തിൽ നാല് സ്‌ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്‌തു.
യുവതി ലൈംഗികാതിക്രമത്തിന് ഇരയായെന്നും പരാതിയുണ്ട്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഷഹ്‌ദാരയിലാണ് താമസിക്കുന്നത്. ഇതിനിടെ അയൽവാസിയായ യുവാവ് യുവതിയോട് പലവട്ടം പ്രണയാഭ്യർഥന നടത്തുകയും യുവതി അത് നിരസിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് ദിവസങ്ങൾക്ക് മുൻപ് യുവാവ് ആത്മഹത്യ ചെയ്‌തു.
യുവാവിന്‍റെ ആത്മഹത്യക്ക് കാരണക്കാരി എന്ന് ആരോപിച്ച് ഇയാളുടെ ബന്ധുക്കളാണ് യുവതിയെ ആദ്യം ആക്രമിച്ചത്. പിന്നാലെ നാട്ടുകാർ ചേർന്ന് യുവതിയെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. അതേസമയം ഇരയ്ക്ക് സാധ്യമായ എല്ലാ സഹായവും കൗൺസിലിങും നൽകുന്നുണ്ടെന്നും എല്ലാ പ്രതികളേയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
ASLO READ:കർണാടകയിൽ രണ്ട് വിമാനത്താവളങ്ങളിലായി സ്വർണവും ഹെറോയിനും പിടികൂടി
വിഷയവുമായി ബന്ധപ്പെട്ട് ഡൽഹി വനിത കമ്മീഷൻ മേധാവി സ്വാതി മലിവാൾ ഡൽഹി പൊലീസിന് നോട്ടീസ് അയച്ചു. അനധികൃത മദ്യവ്യാപാരം നടത്തുന്ന പ്രതികൾ ഒരു സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തത് നിർഭാഗ്യകരമായ സംഭവമാണ്. ഇരയ്‌ക്കും അവരുടെ കുടുംബത്തിനും സുരക്ഷ നൽകണമെന്നും പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സ്വാതി മലിവാൾ ആവശ്യപ്പെട്ടു.