നോയിഡ (ഉത്തർപ്രദേശ്) : ഗ്രേറ്റർ നോയിഡയിൽ സ്വകാര്യ സ്‌കൂളുകളുടെ ഫീസ് വർധനവിനെതിരെ റോഡരികിൽ ഷൂ പോളിഷ് ചെയ്‌ത് പ്രതിഷേധിച്ച് രക്ഷിതാക്കൾ. ഫീസ് നിയന്ത്രണ നിയമം അവഗണിച്ച് സ്വകാര്യ സ്‌കൂളുകൾ ഫീസ് വർധിപ്പിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. സ്വകാര്യ സ്‌കൂളുകൾക്ക് ഫീസ് വർധിപ്പിക്കാൻ സംസ്ഥാന സർക്കാര്‍ അനുമതിയും നല്‍കിയിരുന്നു.
വിലക്കയറ്റം മൂലം കഷ്‌ടപ്പെടുന്ന രക്ഷിതാക്കൾക്ക് ഫീസ് വർധനവ് ഇരട്ട പ്രഹരമാണ് ഏൽപ്പിക്കുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു. എൻസിആർ ഗാർഡിയൻസ് അസോസിയേഷന്‍റെയും നോയിഡ എക്സ്റ്റൻഷൻ ഫ്ലാറ്റ് ഓണേഴ്സ് വെൽഫെയർ അസോസിയേഷന്‍റെയും(എൻഇഎഫ്ഒഡബ്ലുഎ) നേതൃത്വത്തിലാണ് ഞായറാഴ്‌ച രാവിലെ 11 മണി മുതൽ പ്രകടനം നടത്തിയത്.
ഈ വർഷം സ്‌കൂൾ ഫീസ് വർധിപ്പിക്കില്ലെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിരുന്നതാണെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ എന്തിനാണ് ഫീസ് വർധിപ്പിക്കാനുള്ള ഉത്തരവ് ഇറക്കിയതെന്നും എൻസിആർ ഗാർഡിയൻസ് അസോസിയേഷൻ പ്രസിഡന്‍റ് സുഖ്പാൽ സിങ് ടൂർ ചോദിക്കുന്നു.
കൊവിഡ് മഹാമാരി സമയത്ത് പല സംസ്ഥാനങ്ങളിലും സ്വകാര്യ സ്‌കൂളിലെ ഫീസുകൾ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചപ്പോൾ യുപിയിൽ അങ്ങനെയൊന്ന് ഉണ്ടായില്ല. ഓൺലൈൻ ക്ലാസുകൾ നടത്തിയിട്ടും സ്‌കൂളുകൾ രക്ഷിതാക്കളിൽ നിന്നും മുഴുവൻ ഫീസും വാങ്ങുകയാണുണ്ടായത് എന്ന് എൻഇഎഫ്ഒഡബ്ലുഎ പ്രസിഡന്‍റ് അഭിഷേക് കുമാർ പറഞ്ഞു.
ചില സ്‌കൂളുകൾ ട്യൂഷൻ ഫീസിനോടൊപ്പം "ബിൽഡിങ് ഫീസ്" കൂടി ചേർത്താണ് ഫീസ് വർധിപ്പിച്ചതെന്ന് എൻസിആർ ഗാർഡിയൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി വികാഷ് കത്യാർ പറഞ്ഞു. കുറഞ്ഞ ഫീസിൽ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം ലഭിക്കുന്നതിനായി സ്‌കൂളുകൾക്ക് ഫീസ് വർധിപ്പിക്കാനുള്ള അനുമതി നൽകിയ ഉത്തരവ് പിൻവലിക്കണമെന്ന് പ്രതിഷേധക്കാർ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർഥിച്ചു.