പട്‌ന: ബിഹാർ വിധിയെഴുതുകയാണ്, വിജയവും തോൽവിയും അടുത്ത ചൊവ്വാഴ്ചയറിയാം. എങ്കിലും, തെരഞ്ഞെടുപ്പ് പ്രചരണത്തിൽ മുന്നിട്ട് നിൽക്കുന്നത് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് ലാലു പ്രസാദ് യാദവിന്‍റെ മകൻ തേജസ്വി യാദവാണ്. 247 പൊതുയോഗങ്ങളും നാല് റോഡ് ഷോകളുമാണ് യാദവ് അഭിസംബോധന ചെയ്തത്. ഒരു ദിവസം ശരാശരി 12 പൊതുയോഗങ്ങൾ അദ്ദേഹം നടത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കം മുതൽ എല്ലാ ദിവസവും തേജസ്വി യാദവ് പൊതു യോഗങ്ങളുമായി സജീവമായിരുന്നുവെന്ന് ആർജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി വിശദീകരിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കുന്നതിന് എല്ലാ പാർട്ടികളും സജീവമായി തന്നെ പ്രവർത്തിച്ചു. കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധിയുടെയും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അമിത് ഷായുടെയും അഭാവം പ്രകടമായിരുന്നുവെങ്കിലും തങ്ങളുടെ സ്ഥാനാർഥിക്കായി വോട്ടുപിടിക്കാൻ ഓരോ പാർട്ടിയും അധ്വാനിച്ചു.
എൻഡിഎയെ പ്രതിനിധീകരിച്ച് ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറും ഒപ്പം ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിത്യാനന്ദ് റായിയും തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിച്ചു. എൻഡിഎക്ക് വോട്ട് അഭ്യർഥിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ 160ൽ കൂടുതൽ യോഗങ്ങൾ നടത്തിയിരുന്നു. ഇവയിൽ ആറെണ്ണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമായിരുന്നു. കൂടാതെ, വെർച്വൽ യോഗങ്ങൾ സംഘടിപ്പിച്ചും നിതീഷ് കുമാർ ജനങ്ങളുമായി സംവദിച്ചു. ബിഹാർ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ 12 റാലികളിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യവും ഉണ്ടായിരുന്നു.
ആർജെഡി പ്രസിഡന്‍റ് ലാലു പ്രസാദിന്‍റെ അഭാവത്തിൽ ആർജെഡി നേതാവ് തേജസ്വി യാദവ് പ്രചാരണത്തിന്‍റെ ചുമതല ഏറ്റെടുത്ത് രംഗത്തിറങ്ങി. ഗ്രാൻഡ് അലയൻസിനുവേണ്ടി കോൺഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി എട്ട് യോഗങ്ങളും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല 20ലധികം റാലികളും സംഘടിപ്പിച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലും ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കുചേർന്നു.
പ്രചരണ വേളയിൽ 22 തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്ത ബിജെപി പ്രസിഡന്‍റ് ജെ.പി നദ്ദ നിരവധി നിയോജകമണ്ഡലങ്ങളിലെ തൊഴിലാളികളുമായും സാധാരണക്കാരുമായും സംസാരിച്ചിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിഹാർ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്തുകൊണ്ട് 19 റാലികളെ അഭിസംബോധന ചെയ്തു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി, അനുരാഗ് താക്കൂർ, ധർമേന്ദ്ര പ്രധാൻ എന്നിവരും തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി. 200ലധികം തെരഞ്ഞെടുപ്പ് റാലികളിലും റോഡ് ഷോകളിലും കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് പങ്കെടുത്തു.