ന്യൂഡൽഹി :കാലാവധി പൂർത്തിയാക്കുമെന്നും 2023ൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണയോടെ സംസ്ഥാനത്ത് ബിജെപിയെ നയിക്കുമെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.
പണ്ട് ചില ലോബികൾ പണത്തിന്‍റെ പിൻബലത്തിൽ ദക്ഷിണേന്ത്യൻ രാഷ്‌ട്രീയത്തിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ കർണാടകയിലെ ജനങ്ങൾ ആ ശ്രമങ്ങളെ അട്ടിമറിച്ചു.
കർണാടകയിൽ ബിജെപിയെ കെട്ടിപ്പടുക്കുന്നതിൽ ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള നേതാക്കൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ വൊക്കലിഗ, എസ്‌സി, എസ്‌ടി, ഒബിസി തുടങ്ങി മറ്റ് സമുദായങ്ങളിൽ നിന്നുള്ളവരും പാർട്ടിയുടെ നിലനിൽപ്പിനായി ധാരാളം സംഭാവനകൾ നൽകുന്നുണ്ടെന്നും ബൊമ്മൈ പറഞ്ഞു.
Also Read: തുടര്‍ച്ചയായ പത്താംദിവസം ; ഇന്ധനവിലയിൽ ഇന്നും വർധനവ്
ന്യൂഡൽഹിയിൽ ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിൽ ശക്തമായ നേതൃത്വമില്ലാതിരുന്നതിനാൽ പിതാവ് എസ്.ആർ ബൊമ്മൈക്ക് കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് ഒൻപത് മാസം മാത്രമേ തുടരാൻ കഴിഞ്ഞുള്ളൂ. എന്നാൽ ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുൾപ്പെടെയുള്ള ശക്തമായ കേന്ദ്ര നേതൃത്വവും അവരുടെ തത്വങ്ങളെയും പാർട്ടിക്ക് ലഭിച്ചെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യ രീതിയിലാണ് ബിജെപിയുടെ പ്രവർത്തനം. എന്നും ശക്തമായ കേന്ദ്രവും സംസ്ഥാനങ്ങളുമാണ് പാർട്ടി തത്വം. മാറ്റങ്ങൾ കാലത്തിന്‍റെ അനിവാര്യതയാണെന്നും അതിൽ സ്വേച്ഛാധിപത്യത്തിന് സ്ഥാനമില്ലെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു.