ചെന്നൈ: കഴിഞ്ഞ 24 മണിക്കൂര്‍ അനിമല്‍ ആംബുലന്‍സില്‍ യാത്ര തുടര്‍ന്ന കാട്ടാന അരിക്കൊമ്പനെ തമിഴ്‌നാട്- കേരള അതിര്‍ത്തി ജില്ലയായ കന്യാകുമാരിയിലെ മേലെ കൊടയാർ വനത്തിൽ തുറന്ന് വിട്ടു. തുമ്പിക്കൈയ്‌ക്ക് പരിക്കേറ്റ കൊമ്പന് ചികിത്സ നല്‍കിയതിന് ശേഷമാണ് വന മേഖലയില്‍ തുറന്ന് വിട്ടതെന്ന് തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും കൊമ്പന് മറ്റ് ശാരീരിക പ്രയാസങ്ങളിലെന്നും തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ് ആർ റെഡ്ഡി പറഞ്ഞു.
മേലെ കൊടയാർ വനത്തിലെ പുതിയ ആവാസ വ്യവസ്ഥയുമായി അരിക്കൊമ്പന് വേഗത്തില്‍ പൊരുത്തപ്പെടാനാകുമെന്നും ധാരാളം വെള്ളവും തീറ്റയും ലഭിക്കുന്ന വനമേഖലയായത് കൊണ്ട് തന്നെ ജനവാസ മേഖലകളിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയിലേക്ക് എത്തുമോയെന്ന ജനങ്ങളുടെ ആശങ്കയെ കുറിച്ച് ചോദിച്ചപ്പോള്‍ വെള്ളം ധാരാളം ലഭിക്കുന്ന വന മേഖലയാണെന്നും തീറ്റ തേടാന്‍ അനുയോജ്യമായ സ്ഥലമാണിതെന്നും അതുകൊണ്ട് കൊമ്പന്‍ വീണ്ടും ജനവാസ മേഖലയിലേക്കെത്തില്ലെന്ന് പ്രതീക്ഷിക്കാമെന്നുമാണ് തമിഴ്‌നാട് വനം വകുപ്പിന്‍റെ മറുപടി.
തമിഴ്‌നാട്ടിലെ ജനവാസ മേഖലയിലേക്കിറങ്ങിയതിന് പിന്നാലെ ഇന്നലെ (05.06.23) പുലര്‍ച്ചെയാണ് തേനി ജില്ലയിലെ പൂശാനം പെട്ടിക്ക് സമീപത്ത് വച്ച് അരിക്കൊമ്പനെ മയക്ക് വെടി വച്ച് പിടികൂടിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും മൃഗ ഡോക്‌ടര്‍മാരും ചേര്‍ന്നാണ് അരിക്കൊമ്പന് മയക്ക് വെടി വച്ചത്. നേരത്തെ ഇടുക്കി ചിന്നക്കനാലില്‍ വച്ച് അരിക്കൊമ്പന്‍റെ തുമ്പിക്കൈയ്‌ക്ക് ഏറ്റ മുറിവില്‍ ചികിത്സ നല്‍കിയതിന് ശേഷമാണ് മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ പ്രത്യേകം രൂപകല്‌പന ചെയ്‌ത അനിമല്‍ ആംബുലന്‍സില്‍ അരിക്കൊമ്പനെ കയറ്റിയത്.