ലഖ്‌നൗ: ഗുണ്ട നേതാവ് ഗൊരഖ് താക്കൂറിനെ പട്ടാപ്പകല്‍ വെടിവച്ച് കൊലപ്പെടുത്തി ഒളിവില്‍ കഴിയുകയായിരുന്ന ആദ്യ ഭാര്യ കീഴടങ്ങി. മോസ്റ്റ് വാണ്ടഡ് ഹസീന എന്ന പേരില്‍ കുപ്രസിദ്ധി നേടിയ ബിഹാര്‍ സ്വദേശി പ്രിയങ്ക ആണ് കോടതിയില്‍ ഹാജരായത്. കേസിലെ മറ്റൊരു പ്രതിയായ ഫിര്‍ദൗസ് നേരത്തെ കീഴടങ്ങിയിരുന്നു.
2022 ജൂണ്‍ 25നാണ് ലഖ്‌നൗവിലെ കാന്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നീല്‍മാത പ്രദേശത്ത് താമസിച്ചിരുന്ന ഗുണ്ട നേതാവ് വീരേന്ദ്ര എന്ന ഗൊരഖ് താക്കൂര്‍ വീട്ടില്‍ വെടിയേറ്റ് മരിച്ചത്. ബിഹാര്‍ സംസ്ഥാന പൊലീസിന്‍റെ യൂണിഫോമില്‍ ഗൊരഖിന്‍റെ വീട്ടിലെത്തിയ സംഘം അദ്ദേഹത്തെ വെടിവച്ചു കൊല്ലുകയായിരുന്നു. ഗൊരഖ് താക്കൂറിന്‍റെ ആദ്യ ഭാര്യ പ്രിയങ്ക, രണ്ടാം ഭാര്യ ഖുശ്‌ബുന്‍ താര, ഗൊരഖിന്‍റെ സുഹൃത്തുക്കളായ ഫിര്‍ദൗസ്, ബിട്ടു ജയ്‌സ്വാള്‍ എന്നിവരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു.
ഒളിവില്‍ പോയ പ്രിയങ്കയുടെ തലയ്‌ക്ക് പൊലീസ് 25,000 രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്‌തു. മറ്റൊരു സ്‌ത്രീയെ വിവാഹം കഴിക്കാനായി തന്നെ ഉപേക്ഷിച്ചതിലെ പകയാണ് പ്രിയങ്കയെ കൃത്യത്തിലേക്ക് നയിച്ചത് എന്നായിരുന്നു പൊലീസ് നിഗമനം. ബിഹാറിലെ നര്‍കതിയാഗഞ്ച് സ്വദേശിയായ പ്രിയങ്ക സ്‌കൂള്‍ ടീച്ചറായിരുന്നു.