കൊൽക്കത്ത:പശ്ചിമബംഗാളിൽ നാലാം ഘട്ട തെരഞ്ഞെടുപ്പിനിടെ പരക്കെ അക്രമം. കൂച്ച്‌ബെഹറിൽ പ്രക്ഷോഭകാരികള്‍ക്കെതിരെ സുരക്ഷാസേന നടത്തിയ വെടി വയ്‌പ്പിൽ നാല് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ബിജെപി - തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് സംഘര്‍ഷത്തിലേര്‍പ്പെട്ടത്. മുഖ്യമന്ത്രി മമതാ ബാനർജി നാളെ സംഘർഷ ബാധിത പ്രദേശം സന്ദർശിക്കും. കൂടാതെ ബിജെപിയുടെ പ്രതിനിധി സംഘം ഇന്ന് കൊൽക്കത്തയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും.
അക്രമത്തെത്തുടർന്ന് കൂച്ച് ബെഹാറിലെ സിറ്റാൽകുർച്ചി മണ്ഡലത്തിലെ 126 - ആം പോളിങ് ബൂത്തിലെ വോട്ടെടുപ്പ് നിര്‍ത്തി വയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു. വിശദമായ റിപ്പോർട്ട് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് മുൻപാകെ സമർപ്പിക്കണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.