രേവ:ഷാരൂഖ് ഖാനും മറ്റൊരാളും തമ്മില്‍, ആടിനെച്ചൊല്ലിയുണ്ടായ തര്‍ക്കം വലിയ വാര്‍ത്താപ്രാധാന്യം നേടിയിരിക്കുകയാണ്. പേരുകേട്ട് ഞെട്ടേണ്ട, ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ അല്ല ഈ കഥയിലെ നായകന്‍. മധ്യപ്രദേശില്‍, വലിയ പെരുന്നാളിന് തലേദിവസം രേവ പ്രദേശവാസികളായ ഖാന്‍മാര്‍ തമ്മില്‍, രണ്ട് വയസുള്ള ആടിന്‍റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുണ്ടായതാണ് ഈ കൗതുകമുണ്ടാക്കുന്ന തര്‍ക്കം.
ആട് പ്രശ്‌നത്തെച്ചൊല്ലിയുള്ള വിഷയത്തില്‍ കൂട്ടാളികളുമായാണ് ഖാന്‍മാര്‍ സ്റ്റേഷനിലെത്തിയത്. ആള്‍ക്കൂട്ടവുമായി പരാതി നല്‍കാന്‍ രേവയിലെ പൊലീസ് സ്‌റ്റേഷനിലെത്തിയവരെ കണ്ട് ഇൻസ്‌പെക്‌ടര്‍ ഹതേന്ദ്ര നാഥ് ശർമ ആദ്യമൊന്ന് അമ്പരന്നു. എന്നാല്‍, തങ്ങളുടെ പ്രശ്‌നം ഇതാണെന്ന് ഇവര്‍ വിവരിച്ചപ്പോൾ പൊലീസ് ഇൻസ്‌പെക്‌ടര്‍ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. വെള്ളയും തവിട്ടും നിറത്തിലുള്ള ഈ ആടിന് വലിയ വില കിട്ടുന്നതാണെന്നും ഇതുകണ്ട് സ്വന്തമാക്കാന്‍ നോക്കുന്നതാണെന്നുമാണ് ഖാന്‍മാരുടെ ആരോപണ പ്രത്യാരോപണങ്ങള്‍.
ആടിനെ 15,000 രൂപയ്ക്ക് വാങ്ങിയതെന്ന് ഷാരൂഖ്:ആടിനെ കാണാതാവുന്ന ആറുമാസം മുന്‍പ് വരെ താൻ സ്നേഹപൂർവമാണ് വളർത്തിയിരുന്നതെന്ന് സഞ്ജയ് തന്‍റെ ഓര്‍മകള്‍ പങ്കുവച്ചുകൊണ്ട് പറഞ്ഞു. ബക്രീദ് ദിനത്തിൽ ബലിയർപ്പിക്കുക എന്ന ഏക ഉദ്ദേശ്യത്തോടെയാണ് താൻ അടുത്തിടെ 15,000 രൂപയ്ക്ക് ആടിനെ വാങ്ങിയതെന്നാണ് ഷാരൂഖ് പറയുന്നത്. രണ്ടുപേരും വന്‍ തോതില്‍ അവകാശവാദങ്ങള്‍ ഉയര്‍ത്തിയതോടെ പൊലീസ് ഇൻസ്പെക്‌ടര്‍ ശർമ വിഷയത്തില്‍ ഇടപെട്ടുകൊണ്ട്, തെളിവുകൾ നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്, അടുത്ത ദിവസം, സഞ്ജയ്‌യും ഷാരൂഖും ഫോട്ടോകളുമായി എത്തി.
ആടിന്‍റെ തത്‌കാല ചുമതല സഞ്ജയ്‌ക്ക്:പ്രശ്‌നത്തില്‍ പരിഹാരമാവാത്ത സാഹചര്യത്തില്‍ ആടിനെ പൊലീസ് സ്റ്റേഷനിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. ആടിന്‍റെ നിർത്താതെയുള്ള കരച്ചില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തലവേദനയായി മാറി. തീറ്റയും വെള്ളവും നൽകുന്നത് മറ്റും അടക്കമുള്ള കാര്യങ്ങള്‍ നോക്കി നടത്തേണ്ട സ്ഥിതിയിലായിരുന്നു പൊലീസുകാര്‍. തുടര്‍ന്ന്, ആടിനെ സ്റ്റേഷനില്‍ നിന്നും എങ്ങനെയെങ്കിലും പുറത്തുകടത്തണമെന്ന ചിന്തയിലായിരുന്നു ഉദ്യോഗസ്ഥര്‍.
ഇതേതുടര്‍ന്ന്, പ്രദേശത്തെ വാർഡ് മെമ്പറെ അറിയിക്കുകയും വിഷയത്തില്‍ ഒരു സമാധാന ഉടമ്പടി ഉണ്ടാക്കാൻ പൊലീസ് ആവശ്യപ്പെടുകയും ചെയ്‌തു. തത്‌കാലം ആടിനെ പരിപാലിക്കാനുള്ള ചുമതല സഞ്ജയ്‌ക്ക് നല്‍കിയാണ് പൊലീസ് 'ഇടക്കാല ആശ്വാസം' കണ്ടെത്തിയത്. ഇക്കാര്യത്തില്‍, തത്‌കാലം തര്‍ക്കം ഉണ്ടാക്കരുതെന്ന് സഞ്ജയ്‌ക്കും ഷാരൂഖിനും കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആഡംബര കാറിലെത്തി ആട് മോഷണം, സംഭവം യുപിയില്‍:വിലകൂടിയ ആഭരണങ്ങളും വസ്‌തുക്കളും വാഹനങ്ങളും മോഷ്‌ടാക്കള്‍ അപഹരിക്കുന്നത് പതിവ് വാര്‍ത്തയാണ്. ഒരു പ്രത്യേക സന്തോഷം കണ്ടെത്തുന്നതിനായി വില കൂടിയ വസ്‌തുക്കളും മൃഗങ്ങളെയും മോഷ്‌ടിച്ച വാര്‍ത്തകളും മാധ്യമങ്ങളില്‍ നിറയാറുണ്ട്. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമായ മോഷണമാണ് ഉത്തര്‍ പ്രദേശില്‍ അരങ്ങേറിയത്. ആഡംബര കാറിലെത്തി മോഷ്‌ടാക്കള്‍ ആടുമായി കടന്നുകളഞ്ഞതാണ് ഈ സംഭവം.
ലഖ്‌നൗവിലെ ഗോതമി നഗര്‍ മേഖലയില്‍, ഇക്കഴിഞ്ഞ ജൂണിലാണ് സംഭവം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. റോഡിന്‍റെ ഒരുവശത്ത് ആഡംബര കാര്‍ പാര്‍ക്ക് ചെയ്‌തിരിക്കുന്നതായി കാണാം. ഇതിനടുത്തായി ഒരു ആട് ചുറ്റിത്തിരിയുന്നുമുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ആട് ഒരു തവണ കാറിന് അടുത്തേക്കെത്തിയപ്പോള്‍ ഡോര്‍ തുറക്കുകയും അകത്തിരുന്ന ആളുകള്‍ അകത്തേക്ക് വലിച്ചിഴച്ച് അതിവേഗത്തില്‍ വാഹനമെടുത്ത് സ്ഥലം വിടുകയുമായിരുന്നു.