കേരളം

kerala

ETV Bharat / bharat

'കവച'മൊരുക്കിയില്ല, എന്താണ് 'കവച്': ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനം - കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്

കേന്ദ്ര സര്‍ക്കാര്‍ വലിയ അവകാശവാദങ്ങളോടെ അവതരിപ്പിച്ച ട്രെയിന്‍ സുരക്ഷ സംവിധാനമാണ് 'കവച്'. ഈ പദ്ധതി പ്രാവര്‍ത്തികമായിട്ടും ബാലസോർ ട്രെയിന്‍ ദുരന്തമൊഴിവാക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം.

What is Kavach safety system  Kavach safety system  Odisha triple train accident  കേന്ദ്ര സര്‍ക്കാര്‍  കവചിനെക്കുറിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി
Etv Bharat

By

Published : Jun 3, 2023, 4:06 PM IST

Updated : Jun 3, 2023, 5:19 PM IST

കവചിനെക്കുറിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി, പഴയ വീഡിയോ.

ഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തിന്‍റെ നടുക്കത്തിലാണ് രാജ്യം. 261 പേര്‍ക്ക് ദാരുണാന്ത്യവും 900ത്തിലധികം പേര്‍ക്ക് പരിക്കേറ്റെന്നുമാണ് അവസാനമായി ലഭിച്ച കണക്കുകള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍, ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വന്‍ അവകാശവാദങ്ങളോടെ മുന്നോട്ടുവച്ച 'കവച്' സുരക്ഷ സംവിധാനത്തിന്‍റെ പരാജയം ചര്‍ച്ച വിഷയമാവുകയാണ്.

കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് ഈ പദ്ധതിയെക്കുറിച്ച് വിവരിക്കുന്ന ട്വിറ്റർ വീഡിയോ സഹിതമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനമുയര്‍ത്തുന്നത്. 'കവച്' നടപ്പാക്കിയതില്‍ കേന്ദ്രം പരാജയപ്പെട്ടെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം.

എന്താണ് 'കവച്' ?:ട്രെയിനുകളുടെ സുരക്ഷ വർധിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തദ്ദേശീയമായി നിര്‍മിച്ച ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ (എടിപി) സംവിധാനമാണ് 'കവച്'. ട്രെയിനുകളുടെ സുരക്ഷ ഉറപ്പാക്കാനും കൂട്ടിയിടി ഒഴിവാക്കാനും ലോക്കോ പൈലറ്റുമാരെ സഹായിക്കുന്നതാണ് ഈ സംവിധാനം. കൂടാതെ, വന്‍ മൂടൽമഞ്ഞ് പോലുള്ള പ്രതികൂല കാലാവസ്ഥകളിൽ ട്രെയിൻ സഞ്ചാരത്തെ സഹായിക്കാനും 'കവചി'നാവും. 2012ലാണ് ഇന്ത്യന്‍ റെയില്‍വെ മുന്‍കരുതലായി പ്രവര്‍ത്തിക്കുന്ന ഈ ഓട്ടോമാറ്റിക് സംവിധാനം വികസിപ്പിച്ചത്.

ട്രെയിന്‍ കൊളിഷന്‍ അവോയിഡന്‍സ് സിസ്റ്റം എന്ന് സാങ്കേതിക നാമമുള്ള 'കവച്' 2016ലാണ് ട്രയല്‍ റണ്‍ ആരംഭിച്ചത്. ട്രെയിന്‍, ട്രാക്ക്, സ്റ്റേഷന്‍, എന്നിവിടങ്ങളിലെ സിഗ്‌നല്‍ സംവിധാനത്തില്‍ ഘടിപ്പിച്ച ഉപകരണങ്ങളുടെ ശൃംഖല കവചില്‍ പ്രവര്‍ത്തിച്ചാണ് ദുരന്തങ്ങളില്‍ നിന്നും സംവിധാന കവചമൊരുക്കുക. പൈലറ്റിന് കൃത്യസമയത്ത് വിവരം ലഭിക്കുകയും മുന്‍കരുതല്‍ സ്വീകരിക്കാന്‍ കഴിയും എന്നതുമാണ് സംവിധാനത്തിന്‍റെ പ്രധാന ഗുണം.

റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷനാണ് (ആര്‍ഡിഎസ്‌ഒ) തദ്ദേശീയമായി ഈ സംവിധാനം വികസിപ്പിച്ചത്. 'കവച്' സംവിധാനം ട്രെയിനുകളുടെ സഞ്ചാരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുമെന്നതും മറ്റൊരു പ്രത്യേകതയാണ്. ലോക്കോ പൈലറ്റ് ബ്രേക്ക് ഉപയോഗിക്കുന്നത് പരാജയപ്പെടുന്ന സാഹചര്യമുണ്ടായാല്‍ യാന്ത്രികമായി ട്രെയിനിന്‍റെ വേഗത നിയന്ത്രിക്കാനും ഈ സംവിധാനത്തിനാവും. ചലന അതോറിറ്റിയുടെ (Movement authority) തുടർച്ചയായ അപ്ഡേറ്റിലാണ് 'കവച്' പ്രവർത്തിക്കുന്നത്. ലെവൽ ക്രോസിങ് ഗേറ്റുകളിൽ ഓട്ടോമാറ്റിക് വിസില്‍ മുഴക്കാന്‍ കഴിയുമെന്നതും മറ്റൊരു പ്രത്യേകതയാണ്.

ബാലസോർ റൂട്ടില്‍ 'കവചില്ല':ഒഡിഷയില്‍ അപകടത്തില്‍ പെട്ട ട്രെയിനുകളില്‍ കവച് സംവിധാനം ഇല്ലായിരുന്നുവെന്നാണ് റെയില്‍വെയുടെ വിശദീകരണം. റെയില്‍വെ വക്താവ് അമിതാഭ് ശർമയാണ് ഇക്കാര്യം അറിയിച്ചത്. ട്രെയിനുകളുടെ ഓരോ മിനിട്ടിലെയും യാത്ര കൃത്യമായി നിരീക്ഷിക്കാനും അതേ വിവരം മറ്റ് ട്രെയിനുകൾക്ക് കൈമാറാനും കവച് സംവിധാനത്തിന് സാധിക്കും. നിശ്ചിത ദൂരപരിധിയില്‍ ഒരേ പാതയില്‍ രണ്ട് ട്രെയിനുകൾ വന്നാല്‍ നിശ്ചിത ദൂരത്തില്‍ ട്രെയിനുകളുടെ വേഗം കുറഞ്ഞ് നിർത്താൻ കഴിയുന്ന സംവിധാനമാണിത്.

ലോക്കോ പൈലറ്റ് സിഗ്‌നല്‍ തെറ്റിച്ചാലും മുന്നറിയിപ്പ് നല്‍കുന്ന രീതിയിലാണ് കവച് രൂപകല്‍പന നടത്തിയിട്ടുള്ളത്. സിഗ്‌നല്‍ സംവിധാനത്തിലുണ്ടാകുന്ന പിഴവ് മറികടക്കാനും കവച് സംവിധാനത്തിന് കഴിയും. എന്നാല്‍ ഇന്ത്യയില്‍ രണ്ട് ശതമാനം ട്രാക്കുകളില്‍ മാത്രമാണ് കവച് സംവിധാനം പ്രായോഗികമായിട്ടുള്ളത്. ബാക്കിയുള്ള 98 ശതമാനം ട്രാക്കുകളിലും ട്രെയിനുകളിലും ഈ സംവിധാനം ഇല്ലാതാരുന്നതാണ് ബാലസോർ പോലെയുള്ള അപകടങ്ങൾക്ക് കാരണം.

അപകടത്തില്‍പ്പെട്ടത് മൂന്ന് ട്രെയിനുകള്‍:ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപമാണ് അപകടം. പാളം തെറ്റി മറിഞ്ഞ ബെംഗളൂരു - ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് ട്രെയിനില്‍ ഷാലിമാർ - ചെന്നൈ സെൻട്രൽ കോറോമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിന്‍ വന്ന് ഇടിച്ചാണ് ദുരന്തമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കോറോമണ്ഡൽ എക്‌സ്‌പ്രസിന്‍റെ ബോഗികള്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനില്‍ പതിക്കുകയായിരുന്നു. ഇന്നലെ (ജൂണ്‍ മൂന്ന്) രാത്രി 7.20നാണ് ആദ്യത്തെ ട്രെയിന്‍ അപകടത്തില്‍ പെട്ടത്.

അന്വേഷണത്തിന് ഉത്തരവിട്ടെന്ന് റെയില്‍വേ മന്ത്രി:സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പ്രതികരിച്ച മന്ത്രി, അപകടം നിർഭാഗ്യകരമാണെന്നും ഈ വാർത്ത തന്‍റെ മന്ത്രാലയത്തിൽ എത്തിയതിന് തൊട്ടുപിന്നാലെ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെന്നും പറഞ്ഞു. പാസഞ്ചർ ട്രെയിൻ കോച്ചുകൾ പാളം തെറ്റിയതിന്‍റെ കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Last Updated : Jun 3, 2023, 5:19 PM IST

ABOUT THE AUTHOR

...view details