ലഖ്‌നൗ :അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ പോരാട്ടത്തിന്‍റെ ആദ്യപടി നാളെ ആരംഭിക്കുകയാണ്. ഏഴ് ഘട്ടമായി നടക്കുന്ന ഉത്തർപ്രദേശാണ് ആദ്യം ബൂത്തിലെത്തുന്നത്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ 11 ജില്ലകളിൽ 58 നിയമസഭ മണ്ഡലങ്ങളിലാണ് വ്യാഴാഴ്‌ച വോട്ടെടുപ്പ്.
ഈ മേഖലയിൽ വിജയം ഉറപ്പിക്കുന്ന മുന്നണിക്ക് സംസ്ഥാനത്ത് ഭരണത്തിലേറാൻ കഴിയുമെന്ന് മുൻ തെരഞ്ഞെടുപ്പുകളിൽ കാണാനാകും. കൊവിഡ് മാനദണ്ഡപ്രകാരമാണ് പോളിങ്. രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും.
മന്ത്രിമാരായ ശ്രീകാന്ത് ശർമ, സുരേഷ് റാണ, സന്ദീപ് സിങ്, കപിൽ ദേവ് അഗർവാൾ, അതുൽ ഗാർഗ്, ചൗധരി ലക്ഷ്‌മി നരേൻ എന്നിവരാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന പ്രമുഖർ. 403 അംഗ നിയമസഭ ആര് ഭരിക്കും എന്ന് തീരുമാനിക്കുന്നതിൽ നിർണായകമാകുക പടിഞ്ഞാറൻ യുപിയിൽ നിന്ന് ലഭിക്കുന്ന സീറ്റുകളാകും.
ജാട്ടുകൾക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ
ജാട്ടുകൾക്ക് ഭൂരിപക്ഷമുള്ള പ്രദേശമായ പടിഞ്ഞാറൻ യുപിയിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധവുമായി മുന്നിട്ടിറങ്ങിയതും ജാട്ട് സമുദായത്തിൽപ്പെട്ട കർഷകരാണ്. ശാംലി, ഹാപൂർ, ഗൗതം ബുദ്ധ നഗർ, മുസഫർനഗർ, മീററ്റ്, ഭാഗ്‌പറ്റ്, ഗാസിയാബാദ്, ബുലന്ദ്ഷഹർ, അലിഗഡ്, മഥുര, ആഗ്ര എന്നീ 11 ജില്ലകളാണ് നാളെ വിധിയെഴുതുന്നത്. പുർവാഞ്ചൽ മേഖലയിലെ 36 സീറ്റുകൾ സംസ്ഥാന ഭരണത്തിന്‍റെ ഗെയിം ചേഞ്ചർ ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഉത്തർ പ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്‌ച: തെരഞ്ഞെടുപ്പ് 58 മണ്ഡലങ്ങളിൽ ജൗൻപൂർ, ഗാസിപൂർ, ചാന്ദൗലി, മിർസാപൂർ, ബദോഹി എന്നീ ജില്ലകളിലാണ് ഈ 36 സീറ്റുകൾ ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് തവണ വിജയിച്ച വാരാണസി ലോക്‌സഭ മണ്ഡലത്തിലാണ് ഈ സീറ്റുകള്‍ വരുന്നത് എന്നതും നിർണായകമാണ്. ഈ 36 സീറ്റുകളിൽ ഭൂരിപക്ഷം ലഭിക്കുന്ന രാഷ്‌ട്രീയ പാർട്ടിയാണ് സംസ്ഥാന ഭരണം പിടിക്കുകയെന്നത് രസകരമായ വസ്‌തുതയാണ്.
2007ൽ ബിഎസ്‌പി ഇവിടെ 36 ല്‍ 20 സീറ്റുകൾ നേടി ഉത്തർപ്രദേശിൽ ഭരണലേറി. 2012ലെ തെരഞ്ഞെടുപ്പിൽ മുലായം സിങ് യാദവിന് കീഴിൽ എസ്.പി 36ൽ 21 സീറ്റുകൾ നേടി സംസ്ഥാന ഭരണം പിടിച്ചു. ഒരു മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാണിക്കാതെ 2017ൽ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി 36ൽ 21 സീറ്റും നേടി. തുടർന്നാണ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ അവരോധിക്കുന്നത്.
വിർച്വൽ കാൻവാസിങ്
കൊവിഡ് വ്യാപനത്തെ തുടർന്ന് ഇത്തവണ ഓൺലൈൻ രീതിയിലാണ് തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിച്ചത്. ഇരട്ടി വേഗത്തിലുള്ള വികസനമാണ് ബിജെപി സംസ്ഥാനത്ത് നടത്തിയതെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി എസ്.പി- ആർഎൽഡി സഖ്യത്തെ നിശിതമായി വിമർശിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കൈരാനയിൽ നിന്നുള്ള കൂട്ടപലായനത്തെ വിമർശിക്കുമ്പോൾ ബിജെപിയെ ഭരണത്തിൽ നിന്ന് മാറ്റി നിർത്താൻ ജനം ഇതിനകം തീരുമാനിച്ചുകഴിഞ്ഞുവെന്ന് അഖിലേഷ് യാദവ് അവകാശപ്പെടുന്നു.
തെരഞ്ഞെടുപ്പ് നിരീക്ഷകർ
എസ്.പി - ആർഎൽഡി നേതാക്കൾ ഗ്രാമീണ പ്രദേശങ്ങളിൽ കൂടുതൽ പ്രധാന്യത്തോടെയാണ് പ്രചാരണം നടത്തുന്നത്. അഖിലേഷ് യാദവ്-ജയന്ത് ചൗധരി തുടങ്ങിയ നേതാക്കൾ ഇതിനകം കൂടുതൽ പ്രദേശങ്ങളെ ലക്ഷ്യമാക്കി പ്രവർത്തനങ്ങൾ പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ടുകൾ. ആദ്യഘട്ട വോട്ടെടുപ്പ് ബാക്കിയുള്ള ആറ് ഘട്ടങ്ങളെ സ്വാധീനിക്കുമെന്ന് ആഗ്രയിലെ തെരഞ്ഞെടുപ്പ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം രാജ്യത്തെ കേന്ദ്ര മന്ത്രിമാർ അടക്കം പ്രമുഖരായ നിരവധി നേതാക്കളാണ് ഈ പ്രദേശങ്ങളിൽ ബിജെപിക്കായി പ്രചാരണം നടത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സിനിമ താരങ്ങളായ ഹേമമാലിനി മുതൽ രജനികാന്ത് വരെയുള്ളവര്‍, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ എന്നിങ്ങനെ ഈ പ്രദേശത്ത് നിരവധി പ്രമുഖരാണ് പ്രചാരണത്തിനെത്തിയത്.
അതേസമയം ഈ മേഖലയിൽ വലിയ തോതിൽ ജാതീയ ധ്രുവീകരണം നടന്നതായി രാഷ്‌ട്രീയ നിരീക്ഷൻ പാറസ് നാഥ് ചൗധരി പറയുന്നു. ഈ പ്രദേശത്തെ രാഷ്ട്രീയ സാഹചര്യം മാറുകയാണെന്നും വലിയ തോതിൽ ജാതി തിരിച്ചുള്ള പ്രചാരണം നടന്നെന്നും അദ്ദേഹം പറഞ്ഞു. വികസനം ചർച്ചയാകുന്നതിന് പകരം വഴിതിരിച്ച് വിടുന്നതിനാണ് നേതാക്കൾ ശ്രമിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
മുസ്ലിം ജനവിഭാഗം ഒന്നിച്ചാണെന്നും ഇവർ ബിജെപി വിരുദ്ധ മുന്നണിക്കാകും വോട്ട് ചെയ്യുകയെന്നും രാഷ്‌ട്രീയ നിരീക്ഷകൻ രാഹുൽ രാജ് പറഞ്ഞു. ഇത്തരത്തിൽ മുസ്ലിങ്ങൾ ബിജെപി വിരുദ്ധ മുന്നണിക്ക് വോട്ട് ചെയ്‌താൽ അത് യാദവ സമുദായത്തിന് അനുകൂലമാകും. ആഗ്രയിൽ രണ്ടായി നിൽക്കുന്ന അഗർവാൾ സമുദായത്തിൽ ഒരു പക്ഷം, ബിജെപി സ്ഥാനാർഥികളെ തോൽപിക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രത്യക്ഷമായി മുന്നിൽ തന്നെയുണ്ട്.
പ്രദേശത്ത് ശക്തമായ സുരക്ഷ സംവിധാനങ്ങൾ
പടിഞ്ഞാറൻ ഉത്തർപ്രദേശിൽ 50,000 ത്തോളം അർധസൈനികരെയും 412 കമ്പനി കേന്ദ്ര പാരാമിലിട്ടറി സേനയെയും വിവിധ പ്രദേശങ്ങളിലായി നിയോഗിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായുള്ള അതിർത്തികൾ അടക്കുകയും വോട്ടെടുപ്പ് നടക്കുന്ന 58 മണ്ഡലങ്ങളിലെയും ക്രമസമാധാനനില ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്‌തിട്ടുണ്ട്. ഒമ്പത് മണ്ഡലങ്ങളിൽ 34.61 ലക്ഷം വോട്ടർമാരും 107 സ്ഥാനാർഥികളുമാണുള്ളത്.
മുസഫർനഗർ, മീററ്റ്, അലിഗഡ് എന്നീ ജില്ലകളിലാണ് കൂടുതൽ സുരക്ഷ ഉറപ്പുവരുത്തിയിട്ടുള്ളത്. മഥുരയിൽ മാത്രമായി 75 കോയ്‌സ് പാരാമിലിട്ടറി സേനയെയാണ് വിന്യസിച്ചിരിക്കുന്നത്. ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളുടെ അതിർത്തികളിൽ പരിശോധന ഊർജ്ജിതമാക്കിയെന്നും കാർ നമ്പറുകൾ അടക്കം രേഖപ്പെടുത്തുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.
ശക്തമായ സുരക്ഷയിൽ ആയിരിക്കും ഉത്തർപ്രദേശ് ആദ്യഘട്ട വോട്ടെടുപ്പിലേക്ക് കടക്കുന്നത്. മദ്യഷോപ്പുകൾ 48 മണിക്കൂർ അടഞ്ഞു കിടക്കും. വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷമാകും മദ്യഷോപ്പുകൾ തുറക്കുക. വോട്ടെടുപ്പ് കേന്ദ്രത്തിന് 200 മീറ്റർ ചുറ്റളവിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകളും രാഷ്‌ട്രീയ പ്രചാരണ ബോർഡുകളും ഇതിനകം നീക്കം ചെയ്‌തിട്ടുണ്ട്.
READ MORE:പശ്ചിമ യുപിക്കായി കച്ച മുറുക്കി പാർട്ടികൾ ; ഇടംതിരിഞ്ഞ് മേഖല