ന്യൂഡല്‍ഹി :കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പശ്ചിമ ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറി ജനറലുമായ പാര്‍ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്‌തു. മന്ത്രിയുടെ അടുത്ത അനുയായിയായ അര്‍പിത മുഖര്‍ജിയുടെ പക്കല്‍ നിന്ന് 20 കോടി രൂപ പിടിച്ചെടുത്തതിന് പിന്നാലെയാണ് നടപടി. പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സർവീസ് കമ്മിഷനും പശ്ചിമ ബംഗാള്‍ പ്രാഥമിക വിദ്യാഭ്യാസ ബോര്‍ഡും നടത്തിയ അധ്യാപക നിയമനത്തിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
അർപിത മുഖര്‍ജിയുടെ സൗത്ത് കൊല്‍ക്കത്തയിലുള്ള വസതിയില്‍ കഴിഞ്ഞ ദിവസം ഇഡി മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത 20 കോടി അധ്യാപക നിയമനത്തിലൂടെ ലഭിച്ച കോഴപ്പണമാണെന്നാണ് ഇഡി സംശയിക്കുന്നത്. 20 മൊബൈല്‍ ഫോണുകളും ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
പണം പിടിച്ചെടുത്തതിന് പിന്നാലെ വെള്ളിയാഴ്‌ച രാവിലെ ബംഗാള്‍ മന്ത്രിമാരായ പാര്‍ഥ ചാറ്റര്‍ജി, പരേഷ് അധികാരി തുടങ്ങിയവരുടെ വസതിയില്‍ ഇഡി പരിശോധന നടത്തിയിരുന്നു. വെള്ളിയാഴ്‌ച രാവിലെ 8 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഏകദേശം 26 മണിക്കൂര്‍ നീണ്ടുനിന്നു. അന്വേഷണ സംഘവുമായി ചാറ്റര്‍ജി സഹകരിക്കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റെന്നാണ് കേന്ദ്ര ഏജന്‍സിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ചാറ്റര്‍ജിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
നിലവില്‍ വ്യവസായ, വാണിജ്യ വകുപ്പ് മന്ത്രിയായ പാര്‍ഥ ചാറ്റര്‍ജി അഴിമതി ആരോപണം ഉയര്‍ന്ന സമയത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്നു. പ്രൈമറി അധ്യാപകരുടേയും 11, 12 ക്ലാസുകളിലെ അസിസ്‌റ്റന്‍റ് അധ്യാപകര്‍, ഗ്രൂപ്പ് സി, ഡി ജീവനക്കാര്‍ എന്നിവരുടെയും നിയമനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ അന്വേഷണം നടത്താന്‍ കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് സിബിഐ സമര്‍പ്പിച്ച എഫ്‌ഐആറിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണ വെളുപ്പിക്കല്‍ കേസ് അന്വേഷിക്കുന്നത്.