മകൻ ആര്യൻ ഖാന്‍റെ സംവിധാനത്തിലൊരുങ്ങുന്ന പരസ്യത്തില്‍ അഭിനയിച്ച് കിംഗ് ഖാന്‍ ഷാരൂഖ് ഖാൻ. ഡി'യാവോള്‍ എക്‌സ് (D'yavol X) എന്ന ആഡംബര വസ്‌ത്രശാലയ്‌ക്ക് വേണ്ടിയുള്ള പരസ്യത്തിനായാണ് ആര്യന്‍ ഖാന്‍ ക്യാമറയ്‌ക്ക് പിന്നിലെത്തിയത്. കഴിഞ്ഞ ദിവസം പരസ്യത്തിന്‍റെ ടീസര്‍ പങ്കുവച്ച് താരപുത്രന്‍ ഇന്‍സ്‌റ്റഗ്രാമില്‍ എത്തിയിരുന്നു.
സൂപ്പർസ്‌റ്റാറായ പിതാവിനെ ആര്യൻ സംവിധാനം ചെയ്യുന്നത് കണ്ടതിന്‍റെ ആവേശത്തിലാണ് ആരാധകർ. ടീസര്‍ കണ്ട ആരാധകര്‍ മുഴുവന്‍ പരസ്യത്തിനായുള്ള കാത്തിരിപ്പിലാണ്. തറയിൽ ഒരു പെയിന്‍റ് ബ്രഷ് വീഴുകയും, ഷാരൂഖ് ഖാന്‍ അത് എടുക്കുന്നതുമാണ് ടീസറില്‍. താരത്തിന്‍റെ മുഖം വെളിപ്പെടുത്തുന്നതിന് മുമ്പ് ക്യാമറ ആംഗിൾ മാറ്റുന്നു.
ഒടുവില്‍ ഷാരൂഖ് പ്രത്യക്ഷപ്പെടുന്നു. ആര്യന്‍ ഖാന്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ ടീസര്‍ പങ്കുവച്ചിരുന്നു. ടീസറിനൊപ്പം ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. ഇംഗ്ലീഷ് അക്ഷരമാല പങ്കുവച്ചുകൊണ്ടാണ് ആര്യന്‍ ടീസര്‍ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തത്. എന്നാല്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ 'X' എന്ന അക്ഷരം എഴുതിയിരുന്നില്ല ആര്യന്‍. 'ABCDEFGHIJKLMNOPQRSTUVW_YZ. 'X' 24 മണിക്കൂറിനുള്ളില്‍ ഇവിടെ എത്തും. ഇന്‍സ്‌റ്റഗ്രാമില്‍ @dyavol.x എന്ന അക്കൗണ്ടിനെ പിന്തുടരുക'- ഇപ്രകാരമായിരുന്നു ആര്യന്‍ ഖാന്‍ കുറിച്ചത്.
Also Read:'ഇനി ആക്ഷൻ'..സൽമാൻ ഖാനും ഷാരൂഖ് ഖാനും ഒന്നിച്ചെത്തുന്ന 'ടൈഗർ 3'യുടെ ആക്ഷൻ രംഗം ചിത്രീകരണം ഉടൻ
പരസ്യത്തിന്‍റെ ടീസര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു. നിരവധി പേര്‍ ലൈക്കുകളും കമന്‍റുകളും ചെയ്‌തു. ആര്യന്‍ ഖാന്‍റെ സഹോദരി സുഹാന ഖാനും ടീസറിന് കമന്‍റ് ചെയ്‌തു. മൂന്ന് ചുവന്ന ഹാര്‍ട്ട് ഇമോജികളാണ് സുഹാന പങ്കുവച്ചത്.
അതേസമയം ഈ പരസ്യത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 'വർഷങ്ങളായി കാത്തിരുന്നത് ഈ ദിവസത്തിനായി' -ഒരു ആരാധകന്‍ കുറിച്ചു. 'അച്ഛനെ പോലെ... മകനെപ്പോലെ... മനോഹരമായ ജോഡികൾ.' -മറ്റൊരാള്‍ കുറിച്ചു. 'എന്തൊരു അനുഗ്രഹീത കുടുംബം' - ഒരു കിംഗ് ഖാന്‍ ഒരു ആരാധകൻ കുറിച്ചു.
ഷാരൂഖ് ഖാന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'പഠാന്‍'. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഷാരൂഖ് ഖാന്‍റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരുന്നു 'പഠാന്‍'. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‌ത ചിത്രത്തില്‍ ദീപിക പദുകോണ്‍ നായികയായും ജോണ്‍ എബ്രഹാം പ്രതിനായകനായുമാണ് എത്തിയത്. 'പഠാന്‍' 1,000 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു.
അണിയറയില്‍ ഒരുങ്ങുന്ന സല്‍മാന്‍ ഖാന്‍റെ 'ടൈഗറി'ല്‍ അതിഥി വേഷത്തില്‍ താരം പ്രത്യക്ഷപ്പെടുന്നുണ്ട്. 'പഠാനി'ല്‍ തലമുടി നീട്ടി വളര്‍ത്തിയ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെട്ടത്. പഠാനി'ലേത് പോലെ 'ടൈഗര്‍ 3' ക്കും നീട്ടി വളര്‍ത്തിയ തലമുടിയാണ് ഷാരൂഖിന് വേണ്ടത്. എന്നാല്‍ മറ്റ് പുതിയ പ്രോജക്‌ടുകളുടെ ചിത്രീകരണത്തെ തുടര്‍ന്ന് ഷാരൂഖിന് മുടി നീട്ടി വളര്‍ത്താന്‍ കഴിയില്ല. പകരം താരത്തിന് ഒരു വിഗ് തെരഞ്ഞെടുക്കേണ്ടി വരുമെന്നാണ് സൂചന.
Also Read:ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 പേരുടെ പട്ടികയില്‍ ഷാരൂഖും രാജമൗലിയും; ടൈംസ് പട്ടിക പുറത്ത്