ന്യൂഡൽഹി:പാർലമെന്‍റ് പാസാക്കിയ തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബിൽ രാജ്യസഭയും കടന്നു. പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് ബിൽ ചൊവ്വാഴ്ച പാസാക്കിയത്. ആധാറും വോട്ടർ പട്ടികയും ബന്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകളടങ്ങിയതാണ് ഈ നിയമ ഭേദഗതി ബിൽ.
വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റർ ചെയ്യുമ്പോൾ ആധാർ കാർഡ് ഹാജരാക്കാൻ ആവശ്യപ്പെടും. വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് വ്യാജ വോട്ടർമാരെ ഒഴിവാക്കാൻ സഹായിക്കുമെന്ന് ബിൽ അവതരിപ്പിച്ച കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു പറഞ്ഞു. ജെ.ഡി.യു, വൈ.എസ്.ആര്‍ കോൺഗ്രസ്, അണ്ണാ ഡി.എം.കെ, ബി.ജെ.ഡി എന്നീ പാര്‍ട്ടികള്‍ ബില്ലിനെ പിന്തുണയ്‌ക്കുകയുണ്ടായി.
ALSO READ:'ഫോണ്‍ ചോര്‍ത്തുന്നു, മക്കളുടെ ഇന്‍സ്റ്റ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു '; തങ്ങളെ ഭയമെന്തിനെന്ന് യോഗിയോട് പ്രിയങ്ക
ശബ്‌ദവോട്ടോടെയാണ് ബില്‍ സഭ പാസാക്കിയത്. ഒരു വ്യക്തിക്ക് ആധാർ നമ്പർ ഇല്ലെങ്കിൽ ഒരു അപേക്ഷയും നിരസിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വാദം. പ്രതിപക്ഷം ഉന്നയിച്ച ആശങ്കയിലാണ് കേന്ദ്രത്തിന്‍റെ ഉറപ്പ്. ഒരേ വ്യക്തി ഒന്നിലധികം തവണ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നത് ഒഴിവാക്കാന്‍ കഴിയും.
നേരത്തേ മറ്റെവിടെയെങ്കിലും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുണ്ടെങ്കില്‍ പുതിയ രജിസ്‌ട്രേഷന്‍ എളുപ്പത്തില്‍ നടത്താം. വ്യാജ വോട്ടർമാരെ തുടച്ചുനീക്കാന്‍ കഴിയും. തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ വിശ്വസനീയമാക്കാന്‍ കഴിയും തുടങ്ങിയവയാണ് ബില്ലിനെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണം.