സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ പുതിയ ചിത്രം 'ദ വാക്‌സിൻ വാർ' റിലീസിനൊരുങ്ങുന്നു. 2023 ഓഗസ്‌റ്റ് 15 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. 'ദ കശ്‌മീർ ഫയല്‍സ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് വിവേക് അഗ്നിഹോത്രി.
'ദ വാക്‌സിൻ വാർ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നു. ഒരു യുദ്ധത്തിൽ ഇന്ത്യ നടത്തിയ ചെറുത്തുനിൽപ്പിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അവിശ്വസനീയമായ യഥാർഥ കഥ. ശാസ്‌ത്രവും ധൈര്യവും മഹത്തായ ഇന്ത്യൻ മൂല്യങ്ങളും അതിൽ വിജയിച്ചു.
ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്‌പുരി, ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ്, കന്നഡ, ഉറുദു, അസമീസ് എന്നീ 11 ഭാഷകളിൽ അടുത്ത വർഷം ഓഗസ്റ്റ് 15ന് ചിത്രം റിലീസ് ചെയ്യും,' വിവേക് അഗ്നിഹോത്രി ട്വിറ്ററിലൂടെ അറിയിച്ചു. വിവേക് അഗ്നിഹോത്രിയുടെ ഭാര്യ പല്ലവി ജോഷിയുടെ ഐ ആം ബുദ്ധ പ്രൊഡക്ഷൻസും അഭിഷേക് അഗർവാളും ചേർന്ന് അഭിഷേക് അഗർവാൾ ആർട്‌സിന്‍റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.
'ദ വാക്‌സിൻ വാർ' വൈദ്യശാസ്‌ത്ര രംഗത്തെയും ശാസ്‌ത്രജ്ഞരുടെയും അനന്തമായ പിന്തുണയ്‌ക്കും സമർപ്പണത്തിനുമുള്ള ആദരവാണെന്ന് പല്ലവി പറഞ്ഞു. ബയോ ശാസ്‌ത്രജ്ഞരുടെ വിജയമാണ് ചിത്രത്തില്‍ ആഘോഷിക്കുന്നത്. അവരുടെ ത്യാഗത്തിനും അർപ്പണബോധത്തിനും കഠിനധ്വാനത്തിനുമുള്ള ആദരവാണ് ചിത്രമെന്നും പല്ലവി കൂട്ടിച്ചേർത്തു.
ചിത്രത്തിലെ അഭിനേതാക്കളെ അണിയറ പ്രവർത്തകർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 'എന്‍റെ അടുത്ത സിനിമയുടെ പേര് നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ?' എന്ന അടിക്കുറിപ്പോടെ പ്രേക്ഷകർക്ക് ചലഞ്ചുമായി വിവേക് അഗ്നിഹോത്രി പുറത്തിറക്കിയ ആദ്യ പോസ്‌റ്ററിലൂടെ തന്നെ ചിത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 'THE (__) WAR' (ദ വാർ) എന്നാണ് ആദ്യം പോസ്‌റ്ററിൽ എഴുതിയിരുന്നത്.