ഹൈദരാബാദ് :പ്രദര്‍ശന ദിനം മുതല്‍ ഓം റൗട്ട് Om Raut, സംവിധാനം ചെയ്‌ത 'ആദിപുരുഷ്' Adipurush വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. സിനിമയുടെ ഡയലോഗുകള്‍, വിഎഫ്‌എക്‌സ് വസ്‌ത്രധാരണം എന്നിവയടക്കം മുന്‍നിര്‍ത്തി വിമര്‍ശനങ്ങള്‍ കടുക്കുകയാണ്.ഇവ അതിരുകടന്നപ്പോള്‍ 'ആദിപുരുഷി'ന്‍റെ ഡയലോഗുകളിൽ മാറ്റം വരുത്താന്‍ നിര്‍മാതാക്കള്‍ തയ്യാറായിരുന്നു.
സിനിമയുടെ ഡയലോഗുകളിൽ മാറ്റം വരുത്തിയെങ്കിലും ചിത്രത്തിന് ബോക്‌സ് ഓഫിസിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. 10 ദിനം കൊണ്ട് 274 കോടിയിലധികം രൂപയാണ് ഇന്ത്യന്‍ ബോക്‌സ് ഓഫിസിൽ നിന്ന് 'ആദിപുരുഷി'ന് നേടാനായത്. റിലീസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ 'ആദിപുരുഷ്' മീമുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗും Virender Sehwag 'ആദിപുരുഷി'നെയും പ്രഭാസിനെയും Prabhas പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയായിരുന്നു സെവാഗിന്‍റെ പ്രതികരണം. പ്രഭാസ് ബാഹുബലിയായി വേഷമിട്ട 2015ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ചിത്രം 'ബാഹുബലി: ദി ബിഗിനിംഗി'നെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു സെവാഗിന്‍റെ ട്വീറ്റ്. 'കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നതെന്ന് ആദിപുരുഷ് കണ്ട ശേഷം എനിക്ക് മനസ്സിലായി' - സെവാഗ് കുറിച്ചു.
Also Read:Adipurush Collection: പഠാനെ വെട്ടി ആദിപുരുഷ്; ബോളിവുഡിലെ ഏറ്റവും വലിയ ഓപ്പണിങായി ചിത്രം; ആദ്യ ദിന കലക്ഷന്‍ പുറത്ത്
അതേസമയം 'ആദിപുരുഷി'നെ കുറിച്ചുള്ള സെവാഗിന്‍റെ പരാമർശം പ്രഭാസ് ആരാധകർക്ക് അത്ര ഇഷ്‌ടപ്പെട്ടില്ല. സെവാഗിന്‍റെ ട്വീറ്റിനോട് പ്രതികരിച്ച് നിരവധി ആരാധകര്‍ രംഗത്തെത്തി. 'പ്രഭാസ് ഒരു നടനാണ്. ആദിപുരുഷിൽ എന്ത് സംഭവിച്ചാലും അതിന്‍റെ ഉത്തരവാദിത്വം സംവിധായകനാണ്. അഭിനേതാക്കളെ കുറ്റപ്പെടുത്താൻ ശ്രമിക്കരുത്' - ഒരു ആരാധകന്‍ കുറിച്ചു. 'എന്‍റെ ബഹുമാനം നഷ്‌ടപ്പെട്ടു' - മറ്റൊരു ആരാധകന്‍ കുറിച്ചു.
'രണ്ട് പൈസയുടെ ക്രിക്കറ്റ് താരം ബാഹുബലിയെ കുറിച്ച് സംസാരിക്കുന്നു' - മറ്റൊരു കമന്‍റ് ഇങ്ങനെ. 'അതുകൊണ്ടാണ് എംഎസ്‌ഡി നിങ്ങളെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കിയത്' - മറ്റൊരാള്‍ കുറിച്ചു. പ്രദര്‍ശന ദിനം മുതല്‍ സിനിമയെ പ്രതിരോധിക്കുകയാണ് പ്രഭാസ് ആരാധകര്‍. ഹൈദരാബാദിൽ 'ആദിപുരുഷി'ന് നെഗറ്റീവ് റിവ്യൂ നൽകിയ ആളെ പ്രഭാസ് ആരാധകര്‍ പൊതുസ്ഥലത്ത് മർദിച്ചു.
അതേസമയം നിരവധി പേര്‍ സെവാഗിന്‍റെ ട്വീറ്റിനെ പിന്തുണച്ചും രംഗത്തെത്തി. 'ഹഹാ! വീരു പാജി, അത് ശരിയാണ്' - ഒരു ആരാധകന്‍ കുറിച്ചു. 'സാർ പറഞ്ഞത് ശരിയാണ്, ഞാനത് ഒരു തമാശയായി മാത്രം കാണുന്നു' - ഇപ്രകാരമാണ് മറ്റൊരു കമന്‍റ്.
ഹിന്ദു ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് 'ആദിപുരുഷ്'. ഭാര്യ ജാനകിയെ തിരിച്ചുകൊണ്ടുവരാന്‍ ലങ്കേഷുമായി യുദ്ധത്തിനിറങ്ങുന്ന രാഘവിന്‍റെ കഥയാണ് 'ആദിപുരുഷ്'. ജാനകിയായി കൃതി സനോണും, രാഘവ് ആയി രാമനും, ലങ്കേഷായി സെയ്‌ഫ് അലി ഖാനുമാണ് ചിത്രത്തില്‍ വേഷമിട്ടത്.
സിനിമയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങളോട് സംവിധായകന്‍ ഓം റൗട്ട് അടുത്തിടെ പ്രതികരിച്ചിരുന്നു. ആദിപുരുഷില്‍ ശ്രീരാമനെ കോപാകുലനായി ചിത്രീകരിച്ചു എന്ന കമന്‍റിനോടായിരുന്നു സംവിധായകന്‍റെ പ്രതികരണം.
Also Read:Adipurush: 'ശ്രീരാമനെ കോപാകുലനായി ചിത്രീകരിച്ചു'; വിവാദത്തില്‍ മൗനം വെടിഞ്ഞ് ആദിപുരുഷ് സംവിധായകന്‍
'അദ്ദേഹം ഒരു യുദ്ധക്കളത്തിലാണ്, യുദ്ധത്തിന് നടുവിലാണ്, കൂടാതെ അദ്ദേഹം ഒരു രാജാവുമാണ്, അതിനാല്‍ അദ്ദേഹം ഒരു ആക്രമണകാരിയാണ്, അദ്ദേഹം യുദ്ധ ഭൂമിയിലാണുള്ളത്' - ഇപ്രകാരമായിരുന്നു ഓം റൗട്ടിന്‍റെ പ്രതികരണം.