ബറേലി(ഉത്തര്‍ പ്രദേശ്): സര്‍ക്കാര്‍ ഓഫിസിലെത്തിയയാളെ അപമാനിക്കുകയും അപരിഷ്‌കൃത രീതിയില്‍ ശിക്ഷിക്കുകയും ചെയ്‌ത സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് (Sub Divisional Magistrate) ഉത്തര്‍ പ്രദേശില്‍ പദവി നഷ്‌ടമായി. പരാതി പറയാന്‍ ഓഫിസിലെത്തിയയാളോട് എസ് ഡി എം കയര്‍ക്കുന്നതും തുടര്‍ന്ന് കോഴിയെപ്പോലെ കുനിഞ്ഞിരിക്കാന്‍ നിര്‍ബന്ധിക്കുന്നതുമായ വീഡിയോ ഉത്തര്‍ പ്രദേശില്‍ വ്യാപകമായി പ്രചരിച്ചിരുന്നു (viral video shows humiliating incident in office). അവഹേളിക്കപ്പെട്ടയാളുടെ പരാതിയെത്തുടര്‍ന്ന് ബറേലി ജില്ല മജിസ്ട്രേറ്റാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെ പദവിയില്‍ നിന്ന് നീക്കിയത്.
ബറേലിയിലെ മിര്‍ഗഞ്ച് പട്ടണത്തിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റായ ഉദിത് പവാറിന്‍റെ (Udit Pawar) ഓഫിസില്‍ പരാതി ബോധിപ്പിക്കാനെത്തിയ നാട്ടുകാര്‍ക്കാണ് വിചിത്രമായ ശിക്ഷാരീതികള്‍ നേരിടേണ്ടി വന്നത്. മണ്ടന്‍പൂര്‍ ഗ്രാമത്തില്‍ ശ്‌മശാനമില്ലെന്ന പരാതി ബോധിപ്പിക്കാനായിരുന്നു പപ്പു എന്ന് പേരുള്ള യുവാവും മറ്റു ചില ദേശവാസികളും ചേര്‍ന്ന് എസ് ഡി എമ്മിനെ കാണാന്‍ ചെന്നത്. ഹിന്ദു മുസ്‌ലിം വിഭാഗക്കാര്‍ ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്ന മണ്ടന്‍പൂരില്‍ തങ്ങള്‍ക്ക് കാലാകാലങ്ങളായി ശവസംസ്‌കാരം നടത്താന്‍ ഒരു നിശ്ചിത സ്ഥമില്ല എന്നതായിരുന്നു പപ്പുവിന്‍റെ പരാതി.
എന്നാല്‍, ഈ ഭൂമി തങ്ങളുടേതാണെന്നും ഇത് ശ്‌മശാനമല്ല തങ്ങളുടെ ഖബര്‍സ്ഥാനാണെന്നാണ് മുസ്‌ലിം സമുദായത്തിലെ ചില അംഗങ്ങള്‍ ഉന്നയിക്കുന്നതെന്നും പപ്പു ആരോപിച്ചു. ഈ അവസ്ഥയെ തുടര്‍ന്ന് മറ്റ് സമുദായത്തില്‍പ്പെട്ടവര്‍ക്ക് സംസ്‌കാര ചടങ്ങ് നടത്തുവാന്‍ സാധിക്കുന്നില്ലെന്നും പപ്പു പരാതിയില്‍ ചൂണ്ടിക്കാണിച്ചു.
ഗ്രാമത്തില്‍ ശ്‌മശാനമില്ലെന്ന് കാണിക്കുന്ന തെളിവുകളടങ്ങിയ രേഖയും സമര്‍പ്പിച്ചു. ദീര്‍ഘനാളായുള്ള പ്രശ്‌നത്തിന് പരിഹാരം കാണുമെന്നായിരുന്നു താന്‍ കരുതിയത്. ശരിയായ മാര്‍ഗനിര്‍ദേശമോ സഹായമോ നല്‍കുന്നതിന് പകരം എസ് ഡി എം ഉദിത് പവാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും പപ്പു പറഞ്ഞു.
മണ്ടന്‍പൂരില്‍ ശ്‌മശാനമില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖകളുമായാണ് ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയത്. എന്നാല്‍, കോഴിയെ പോലെ കുനിഞ്ഞിരിക്കാന്‍ പറഞ്ഞുകൊണ്ട് എസ് ഡി എം സാര്‍ എന്നെ ശിക്ഷിച്ചു. എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം അസഭ്യം പറയാന്‍ ആരംഭിച്ചു.