ചെന്നൈ:തമിഴ്‌നാട്ടിലെ ഒരു കൊച്ചുഗ്രാമം യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിജയം ഏറെ ആഘോഷിച്ചു. അധികമൊന്നും അറിയപ്പെടാത്ത ഈ ചെറിയ ഗ്രാമപ്രദേശം അമേരിക്കൻ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന്‍റെ വിജയത്തിലാണ് ഏറെ സന്തോഷിച്ചത്. വാഷിങ്‌ടൺ ഡിസിയിലെ വൈറ്റ് ഹൗസില്‍ നിന്നും ഏതാണ്ട് 14,000 കിലോമീറ്റര്‍ അകലെയാണ് പൈങ്കനാട്-തുളസേന്ദ്രപുരം എന്ന കൊച്ചു ഗ്രാമം. ഇവിടെയാണ് കമല ഹാരിസിന്‍റെ അമ്മയുടെ അച്ഛന്‍ പി.വി ഗോപാലും അമ്മ രാജവും താമസിച്ചിരുന്നത്.
പൈങ്കനാട്-തുളസേന്ദ്രപുരം ഗ്രാമത്തില്‍ എത്തിച്ചേരാന്‍ തഞ്ചാവൂരില്‍ നിന്നും റോഡ് വഴി മണ്ണാര്‍ഗുഡിയിലേക്ക് 45 കിലോമീറ്റര്‍ സഞ്ചരിക്കണം. നിലവില്‍ ഈ ഗ്രാമത്തില്‍ ഏതാണ്ട് 70 കുടുംബങ്ങളാണ് താമസിക്കുന്നത്. 1911ല്‍ ഇവിടെ ജനിച്ച ഗോപാലന്‍ തനിക്ക് 20 വയസുള്ളപ്പോഴാണ് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ പങ്കു ചേരാന്‍ ഗ്രാമം വിട്ടു പോയത്. പിന്നീട് അദ്ദേഹം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി മാറി. അമേരിക്കയിൽ വോട്ടെടുപ്പ് നടക്കുമ്പോൾ പൈങ്കനാട്-തുളസേന്ദ്രപുരം ഗ്രാമവാസികൾ ക്ഷേത്രത്തിന് മുന്നിൽ കമല ഹാരിസിന്‍റെ വിജയത്തിന് വേണ്ടി പ്രാർഥിക്കുകയായിരുന്നു. വോട്ടെണ്ണലിനും പ്രാർഥനകള്‍ തുടർന്നു.