വികാരാബാദ്: തെലങ്കാനയില്‍ സഹോദരി ഭര്‍ത്താവിന്‍റേയും പിതാവിന്‍റേയും മര്‍ദനമേറ്റ 19കാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വികാരാബാദ് ജില്ലയിലെ കല്ലാപൂർ സ്വദേശിനിയായ ശിരിഷയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 11ന് രാവിലെയാണ് കണ്ണ് ചൂഴ്‌ന്നെടുത്തതും കഴുത്തിന് മുറിവേറ്റതുമായ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
വീട്ടിലുണ്ടായ വാക്കേറ്റത്തിലും മര്‍ദനത്തിലും മനംനൊന്ത് പുറത്തിറങ്ങിപ്പോയ ശേഷമാണ് സംഭവമെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്. പിതാവ് ജംഗയ്യയേയും സഹോദരിയുടെ ഭർത്താവ് അനിലിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയാണ്. മൃതദേഹത്തില്‍ മുറിവുകളുള്ള സാഹചര്യത്തില്‍ കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
എസ്എസ്ഐ വിത്തൽ റെഡ്ഡി പറയുന്നത്:മരിച്ച ശിരിഷ ഇന്‍റര്‍മീഡിയറ്റ് പൂർത്തിയാക്കി, നഴ്‌സിങ് കോഴ്‌സ് പഠിച്ച ശേഷം വികാരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയാണ്. അമ്മ യാദമ്മയ്ക്ക് അസുഖമായതിനാൽ ആശുപത്രിയില്‍ ചികിത്സയിലാണ്. അച്ഛൻ ജംഗയ്യയും ഇളയ സഹോദരൻ ശ്രീനിവാസുമാണ് നിലവില്‍ വീട്ടിലുള്ളത്. മറ്റൊരു സഹോദരന്‍ ശ്രീകാന്ത് ആശുപത്രിയില്‍ അമ്മയെ പരിചരിക്കുകയും ശിരിഷ നഴ്‌സായി ഹൈദരാബാദില്‍ ജോലി ചെയ്യുകയുമായിരുന്നു.
വീട്ടില്‍ ഭക്ഷണം പാകം ചെയ്യാൻ ആളില്ലാത്തതിനാൽ ശിരിഷയോട് തിരിച്ചുവരാന്‍ അച്ഛൻ ജങ്കയ്യ ആവശ്യപ്പെട്ടു. ഇതുപ്രകാരം കുറച്ച് ദിവസങ്ങൾക്ക് മുന്‍പാണ് യുവതി ഹൈദരാബാദിൽ നിന്നും വീട്ടിലെത്തിയത്. ജൂൺ 10ന്, ഇളയ സഹോദരൻ ശ്രീനിവാസ്, പരിഗി പ്രദേശത്ത് താമസിക്കുന്ന സഹോദരിയുടെ ഭർത്താവ് അനിലിനെ വിളിച്ച് ശിരിഷ പാചകം ചെയ്യുന്നില്ലെന്ന് പറഞ്ഞു. ഉടൻ കല്ലാപൂരിലെത്തിയ അനിൽ ശിരിഷയെ ശാസിക്കുകയും മർദിക്കുകയും ചെയ്‌തു. പുറമെ പിതാവും യുവതിയെ മർദിച്ചതോടെ മനംനൊന്ത് ജൂണ്‍ 10ന് രാത്രി പത്തരയ്ക്ക് ശേഷം വീട്ടിൽ നിന്നിറങ്ങി പോവുകയായിരുന്നു.
ശിരിഷ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജൂണ്‍ 11ന് രാവിലെ ഗ്രാമത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് കണ്ണുകളിലും കഴുത്തിലും തലയ്ക്കും ഗുരുതരമായി പരിക്കേറ്റതായും പൊലീസ് സ്ഥിരീകരിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊലപ്പെടുത്തിയതാണോ കുളത്തില്‍ ചാടി ജീവനൊടുക്കിയതാണോ എന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. ഇക്കാരണത്താല്‍ പൊലീസ് സംഭവത്തേക്കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരണം നടത്തിയിട്ടില്ല.
സഹോദരി ഭര്‍ത്താവിനെതിരായി അന്വേഷണം ഊര്‍ജിതം:സംശയാസ്‌പദമായ സാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയ സാഹചര്യത്തില്‍ കൊലപാതകത്തിന് പൊലീസ് കേസെടുത്തു. ശിരിഷയുടെ സഹോദരൻ ശ്രീകാന്താണ് പരാതി നല്‍കിയത്. ഡിഎസ്‌പി കരുണാസാഗർ റെഡ്ഡി, സിഐ വെങ്കിട്ടരാമയ്യ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. ഈ കേസിൽ ശിരിഷയുടെ കുടുംബാംഗങ്ങളെയാണ് പ്രധാനമായും പൊലീസ് സംശയിക്കുന്നത്. സഹോദരി ഭര്‍ത്താവിനെതിരായി സംശയം ബലപ്പെട്ട സാഹചര്യത്തില്‍ ആഴത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ഡിഎസ്‌പി കരുണാസാഗർ റെഡ്ഡി പറഞ്ഞു. ശിരിഷയുടെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങൾ കൂടെ കണക്കിലെടുത്താണ് പൊലീസ് അന്വേഷണം നടത്തുന്നത്.
ALSO READ |Hyderabad Murder | യുവതിയെ കൊലപ്പെടുത്തി മാൻഹോളിൽ തള്ളി; ക്ഷേത്ര പൂജാരി പിടിയിൽ