തെലുഗു സൂപ്പര്‍താരം വിജയ് ദേവരകൊണ്ടയും (Vijay Deverakonda) സാമന്ത റൂത്ത് പ്രഭുവും (Samantha Ruth Prabhu) ഒന്നിച്ചെത്തുന്ന 'കുഷി'യുടെ (Kushi) ടൈറ്റിൽ ട്രാക്ക് പുറത്ത്. ഗാനത്തിന്‍റെ തെലുഗു, തമിഴ്, മലയാളം, ഹിന്ദി പതിപ്പുകളുടെ വീഡിയോ ആണ് ഇറങ്ങിയത്. ഇരുവരുടെയും പ്രണയ നിമിഷങ്ങളാണ് ടൈറ്റില്‍ ട്രാക്കിലുള്ളത്.
വിജയ് ദേവരകൊണ്ടയുടെയും സാമന്തയുടെയും ഈ റൊമാന്‍റിക് ട്രാക്കിന് ആരാധകരില്‍ നിന്നും ഊഷ്‌മളമായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഗാനം ട്രെന്‍ഡിങിലും ഇടംപിടിച്ചു. യൂട്യൂബ് ട്രെന്‍ഡിങില്‍ രണ്ടാമതാണ് ഇപ്പോള്‍ ഗാനം.
മനോഹരമായ വര്‍ണ്ണാഭമായ വസ്‌ത്രങ്ങള്‍ ധരിച്ച്, വിജയ്‌യും സാമന്തയും പരസ്‌പരം മതിമറന്ന് സ്‌നേഹിക്കുകയാണ് ഈ ഗാനരംഗത്തില്‍. തുര്‍ക്കിയിലാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്.
ട്വിറ്ററിലൂടെ മൈത്രി മൂവി മേക്കേഴ്‌സാണ് ഗാനം പങ്കുവച്ചത്. ഹിഷാം അബ്‌ദുല്‍ വഹാബ് ആണ് ഈ ഗാനത്തിന്‍റെ സംഗീതവും ആലാപനവും. ശിവ നിർവാണയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ബ്രിന്ദ മാസ്റ്ററാണ് കൊറിയോഗ്രാഫി.
അതേസമയം ഇതാദ്യമായല്ല സാമന്തയും വിജയ് ദേവരകൊണ്ടയും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, കീര്‍ത്തി സുരേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തിയ മഹാനടിയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചെത്തിയത്. ഇരുവരുടെയും രണ്ടാമത്തെ ചിത്രമാണ് കുഷി.
വിജയ് ദേവരകൊണ്ട, സാമന്ത എന്നിവരെ കൂടാതെ മലയാളി താരം ജയറാമും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മുരളി ശര്‍മ, സച്ചിൻ ഖെഡേക്കര്‍, ശ്രീകാന്ത് അയ്യങ്കാര്‍, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. കശ്‌മീര്‍ ആയിരുന്നു പ്രധാന ലൊക്കേഷന്‍. 30 ദിവസത്തെ ഷൂട്ടിങായിരുന്നു കശ്‌മീരീല്‍. കൂടാതെ പഹല്‍ഗാം, ദാല്‍ തടാകം, ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ് എന്നീ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളും 'കുഷി'യുടെ പ്രധാന ലൊക്കേഷനുകൾ ആയിരുന്നു.
ജമ്മു കശ്‌മീരിലെ മലനിരകളിൽ താമസിക്കുന്ന ഒരു പട്ടാളക്കാരന്‍റെയും പെൺകുട്ടിയുടെയും കഥയാണ് സിനിമയുടെ ഇതിവൃത്തം. ശിവ നിർവാണയാണ് സിനിമയുടെ സംവിധാനം. 'മജിലി', 'ടക്ക് ജഗദീഷ്', 'നിന്നു കോരി' തുടങ്ങി ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സംവിധായകന്‍ ശിവ നിര്‍വാണ.
വിനീത് ശ്രീനിവാസന്‍ - പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ 'ഹൃദയം' എന്ന സിനിമയിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് ഹിഷാം അബ്ദുള് വഹാബ്. ഹിഷാം അബ്ദുള് വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ആദ്യ തെലുഗു ചിത്രം കൂടിയാണ് 'കുഷി'.
മൈത്രി മുവി മേക്കേഴ്‌സ് ആണ് 'കുഷി'യുടെ നിര്‍മാണം. 'പുഷ്‌പ'യ്‌ക്ക് ശേഷം മൈത്രി മുവി മേക്കേഴ്‌സ് നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. മുരളി ജിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സെപ്‍റ്റംബര്‍ ഒന്നിനാണ് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ 'കുഷി' റിലീസിനെത്തുക. തെലുഗുവിന് പുറമെ മലയാളം, തമിഴ്, കന്നട, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
അതേസമയം കുഷിയ്‌ക്ക് ശേഷം സാമന്ത സിനിമയില്‍ നിന്നും നീണ്ട ഇടവേള എടുത്തിരിക്കുകയാണ്. സാമന്തയുടെ ഹെയർസ്‌റ്റൈലിസ്‌റ്റ് ആണ് അടുത്തിടെ ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
സുഹൃത്ത് അനുഷ സ്വാമിയ്‌ക്കൊപ്പം ബാലിയില്‍ അവധി ആഘോഷിക്കുകയാണ് താരമിപ്പോള്‍. തന്‍റെ അവധിക്കാല ചിത്രങ്ങളും വീഡിയോകളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കാറുണ്ട്.
Also Read:'കുഷി'യുടെ ചിത്രീകരണം പൂര്‍ത്തിയാക്കി സാമന്ത ; സിനിമകളിൽ നിന്ന് ഇടവേള എടുത്ത് താരം