ഗഡാഗ് (കർണാടക): ഓരോ മഴക്കാലവും പ്രളയവും നിരവധി നഷ്‌ടങ്ങളാണ് നൽകുന്നത്. കർണാടകയിൽ കഴിഞ്ഞ ഒരാഴ്‌ചയായി പെയ്യുന്ന ദുരിതമഴ ഇല്ലാതാക്കിയത് അഞ്ചാം ക്ലാസ് വിദ്യാർഥി സോമിയ ആന്ദേവാലയുടെ സ്വപ്‌നങ്ങളാണ്. കനത്ത മഴയിൽ സോമിയയുടെ വീട്ടിൽ വെള്ളം കയറി.
'എനിക്ക് പഠിക്കണം… പുസ്‌തകങ്ങൾ വാങ്ങി തരുമോ'? മഴയിൽ പുസ്‌തകങ്ങൾ നശിച്ചുപോയതിൽ വിതുമ്പുലോടെ വിദ്യാർഥി - ഗഡാഗ്
കർണാടകയിലെ ഗഡാഗ് ജില്ലയിൽ ഒരാഴ്‌ചയായി പെയ്‌ത ശക്തമായ മഴയിൽ നിരവധി വീടുകളിലാണ് വെള്ളം കയറിയത്.
വെള്ളപ്പൊക്കത്തിൽ സോമിയയുടെ പാഠപുസ്‌തകങ്ങല്ലാം നശിച്ചു. നനഞ്ഞു കുതിർന്നു കിടക്കുന്ന ഓരോ പുസ്‌തകങ്ങളും ബാഗിൽ നിന്നെടുക്കുമ്പോൾ ആ കുഞ്ഞ് മനസ് വിതുമ്പുകയാണ്. പുസ്‌തകങ്ങൾ ബാഗിൽ നിന്നെടുത്ത് വെയിലത്ത് വയ്ക്കുമ്പോൾ ഏങ്ങലടിച്ച് കരയുന്ന സോമിയയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
വിതുമ്പുന്നതിനിടയിൽ 'എനിക്ക് പഠിക്കണം... ആരെങ്കിലും പുസ്‌തകങ്ങൾ വാങ്ങി തരുമോ' എന്നും കൊച്ചു മിടുക്കി അഭ്യർഥിക്കുന്നുണ്ട്. കർണാടക ഗഡാഗ് ജില്ലയിലെ ബെറ്റഗേരിയിലാണ് സോമിയയുടെ വീട്. ഗഡാഗ് ജില്ലയിൽ കഴിഞ്ഞ ഒരാഴ്‌ചയായി ശക്തമായ മഴയാണ്. നിരവധി വീടുകളിൽ വെള്ളം കയറി നാശനഷ്‌ടങ്ങൾ വരുത്തുകയും ചെയ്‌തു.