ചക്ക തിന്നണമെന്ന് തോന്നിയാല്‍ എന്ത് ചെയ്യും. പ്ലാവില്‍ കയറി പറിക്കുക തന്നെ. തന്നേക്കാള്‍ ഉയരമുള്ള പ്ലാവില്‍ നിന്ന് ചക്ക പറിക്കാന്‍ ശ്രമിക്കുന്ന ഒരു ആനയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.
പ്ലാവില്‍ നിന്ന് ചക്ക പറിച്ചിടുന്ന ആനയുടെ വീഡിയോ പ്ലാവ് കുലുക്കിയിട്ടും ചക്ക വീഴാത്തതിനെ തുടര്‍ന്ന് ആന മുന്‍കാലുകള്‍ ഉയർത്തി തുമ്പിക്കൈ കൊണ്ട് ചക്ക പറിച്ച് താഴെയിടുന്നതാണ് വീഡിയോയിലുള്ളത്. പ്രദേശവാസികള്‍ ആനയെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയുടെ പശ്ചാത്തലത്തില്‍ കേള്‍ക്കാം. ഐഎഎസ് ഓഫിസറായ സുപ്രിയ സഹുവാണ് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.
പ്ലാവ് കുലുക്കി ചക്ക വീഴ്‌ത്തിയിടാന്‍ ആന ആദ്യം ശ്രമിച്ചെങ്കിലും ചക്ക വീണില്ല. തളരാതെ മുന്‍കാലുകള്‍ പ്ലാവില്‍ കയറ്റി വച്ച് തുമ്പിക്കൈ നീട്ടി മൂന്ന് ചക്കകളാണ് ആന വിജയകരമായി നിലത്തേക്ക് വലിച്ചിടുന്നത്. ആന ചക്ക പറിച്ചിടുമ്പോള്‍ വീഡിയോ ചിത്രീകരിക്കുന്നവര്‍ ആഹ്‌ളാദിക്കുന്നതും കൈയ്യടിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.
'മനുഷ്യന് മാങ്ങ എങ്ങനെയാണോ അങ്ങനെയാണ് ആനകള്‍ക്ക് ചക്കയും. ചക്ക പറിക്കാനുള്ള ആനയുടെ വിജയകരമായ ശ്രമത്തിന് അവിടെയുണ്ടായിരുന്ന മനുഷ്യര്‍ നല്‍കിയ കരഘോഷം ഹൃദ്യമാണ്', വീഡിയോ പങ്കുവച്ചുകൊണ്ട് സുപ്രിയ സഹു ട്വിറ്ററില്‍ കുറിച്ചു. സുപ്രിയ സഹു പങ്കുവച്ച വീഡിയോ ഇതുവരെ 1,76,000 പേരാണ് കണ്ടത്.