ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന അതിക്രൂരമായ കൊലപാതകത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കഴിഞ്ഞ ദിവസം 16കാരിയായ പെണ്‍കുട്ടിയെ അതിക്രൂരമായി കത്തി ഉപയോഗിച്ച് കുത്തിയും കല്ലെറിഞ്ഞും കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ നടുക്കിയ ഒന്നായിരുന്നു. ഉത്തര്‍ പ്രദേശ് സ്വദേശിയും എ സി, ഫ്രിഡ്‌ജ് മെക്കാനിക്കുമായ പ്രതി സാഹിലിനെ(20) കഴിഞ്ഞ ദിവസം പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
പ്രതി പൊലീസ് കസ്‌റ്റഡിയില്‍:അറസ്‌റ്റ് ചെയ്‌ത സാഹിലിനെ ഇന്ന് ഡല്‍ഹി പൊലീസ് പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ ശേഷം, രണ്ട് ദിവസത്തെ പൊലീസ് കസ്‌റ്റഡിയില്‍ വിട്ടു. പൊതു ഇടത്തില്‍ വച്ച് പെണ്‍കുട്ടിയെ പ്രതി ക്രൂരമായി കൊലപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
'ഹൃദയഭേദകമായ ഒരു സംഭവമായിരുന്നു അത്. മരണപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം ഡല്‍ഹി സര്‍ക്കാര്‍ നല്‍കും', അരവിന്ദ് കെജ്‌രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിക്ക് കഠിന തടവ് ലഭിക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പെണ്‍കുട്ടിയുടെ കുടുംബത്തിന് ഉറപ്പ് നല്‍കി.
'ഡല്‍ഹിയിലെ ക്രമസമാധാന നിലയെക്കുറിച്ചാണ് നിലവില്‍ ഞങ്ങളുടെ ആശങ്ക. പെണ്‍കുട്ടിയുടെ കുടുംബത്തെ മന്ത്രി ആതിശി സന്ദര്‍ശിക്കുമെന്ന്', മുഖ്യമന്ത്രി അറിയിച്ചു.
കുത്തിയത് 20 തവണ: 20 തവണയായിരുന്നു പ്രതി സാഹില്‍ പെണ്‍കുട്ടിയെ കത്തി ഉപയോഗിച്ച് കുത്തിയത്. ശേഷം, സിമന്‍റ് സ്ലാബ് എടുത്ത് തലയില്‍ നിരവധി തവണ എറിയുകയായിരുന്നു. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ തലയോട്ടി തകര്‍ന്നിരുന്നു.