ന്യൂഡല്‍ഹി: വൈസ് അഡ്‌മിറൽ (Vice Admiral) ആർ ഹരികുമാർ (R. Hari Kumar) അടുത്ത നാവികസേന മേധാവിയാകും. പടിഞ്ഞാറൻ നാവിക കമാൻഡിന്‍റെ തലവനായ ഹരികുമാറിനെ ചൊവ്വാഴ്‌ചയാണ് കേന്ദ്രം പുതിയ നാവിക സേന മേധാവിയായി (Chief of the Naval Staff (CNS)) പ്രഖ്യാപിച്ചത്. 39 വർഷമായി നാവികസേനയുടെ ഭാഗമായി സേവനമനുഷ്ഠിക്കുന്ന ഹരികുമാർ തിരുവനന്തപുരം പട്ടം സ്വദേശിയാണ്.
30 മാസത്തെ സേവനത്തിന് ശേഷം ഈ മാസം 30ന് സ്ഥാനമൊഴിയുന്ന അഡ്‌മിറൽ കെ ബി സിങ്ങിൽ നിന്നാണ് ഹരികുമാര്‍ ചുമതലയേല്‍ക്കുക. 'നവംബർ 30ന് ഉച്ചയ്ക്ക് ശേഷം പ്രാബല്യത്തിൽ വരുന്ന തരത്തിൽ വൈസ് അഡ്‌മിറൽ ആർ ഹരി കുമാറിനെ നാവികസേന മേധാവിയായി സർക്കാർ നിയമിച്ചിട്ടുണ്ട്. നിലവിലെ നാവികസേന മേധാവി നവംബർ 30ന് സർവീസിൽ നിന്ന് വിരമിക്കും' പ്രതിരോധ മന്ത്രാലയ വക്താവ് എ ഭരത് ഭൂഷൺ ബാബു പ്രസ്താവനയില്‍ പറഞ്ഞു.