അയോദ്ധ്യ (ഉത്തർപ്രദേശ്): ബി ജെ പി മുതിർന്ന നേതാക്കളായ എൽ കെ അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും അയോദ്ധ്യ രാമക്ഷേത്രം പ്രതിഷ്‌ഠാദിന ചടങ്ങിൽ (Ayodhya Ram Mandir Consecration ceremony) പങ്കെടുക്കാൻ ക്ഷണിച്ച് വിശ്വഹിന്ദു പരിഷത്ത്. ഇരുവരും പരിപാടിയിൽ പങ്കെടുക്കാൻ ശ്രമിക്കുമെന്ന് അറിയിച്ചതായും വിശ്വഹിന്ദു പരിഷത്ത് അറിയിച്ചു.
അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് വഴി തെളിച്ചവരാണ് ഇരുവരും. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്ന ആവശ്യവുമായി മുന്നിലുണ്ടായിരുന്ന ഇരുവരെയും ക്ഷണിയ്‌ക്കാതിരുന്നതിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്ന് വന്നിരുന്നു. തുടർന്നാണ് ഇരുവരെയും അടുത്ത മാസം 22ന് നടക്കാനിരിക്കുന്ന പ്രതിഷ്‌ഠാദിന ചടങ്ങിന് ക്ഷണിച്ചതായി വിശ്വഹിന്ദു പരിഷത്ത് അറിയിച്ചത്. വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്‌ട്ര വർക്കിംഗ് പ്രസിഡന്‍റ് അലോക് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
ക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠാദിന ചടങ്ങിൽ എൽ കെ അദ്വാനിയും മുരളി മനോഹർ ജോഷിയും പങ്കെടുക്കില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് നേരത്തെ അറിയിച്ചിരുന്നു. 96 വയസായ അദ്വാനിയും അടുത്ത വർഷം 90 വയസ് തികയുന്ന ജോഷിയും പ്രതിഷ്‌ഠാ ചടങ്ങിൽ പങ്കെടുക്കരുതെന്ന് അഭ്യർത്ഥിച്ചതായി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് ആണ് വെളിപ്പെടുത്തിയത്. ഇരുവരുടെയും പ്രായവും ആരോഗ്യവും കണക്കിലെടുത്താണ് പങ്കെടുക്കരുതെന്ന് അഭ്യർത്ഥിച്ചതെന്നായിരുന്നു വിശദീകരണം. ക്ഷേത്ര ട്രസ്റ്റിന്‍റെ അഭ്യർത്ഥന ഇരുവരും അംഗീകരിച്ചതായും ചമ്പത് റായ് പറഞ്ഞിരുന്നു. ട്രസ്‌റ്റിന്‍റെ നീക്കം വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.
ജനുവരി 15-നകം പ്രതിഷ്‌ഠയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാകുമെന്നും ജനുവരി 16 മുതൽ 22 വരെ പൂജ തുടരുമെന്നും റായ് പറഞ്ഞു. നാലായിരത്തോളം വിശുദ്ധരെയും 150-ഓളം സന്യാസിമാരെയും 2,200 മറ്റ് അതിഥികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മതം, ശാസ്‌ത്രം, സിനിമ, വ്യവസായം, ഭരണഘടന തുടങ്ങിയ പല മേഖലകളിൽ നിന്നും അതിഥികളെ ക്ഷണിച്ചിട്ടുണ്ട്.