കട്ടക്ക്:മുതിർന്ന ഒഡിയ ചലച്ചിത്ര താരം ഝരണ ദാസ് അന്തരിച്ചു. ഒഡീഷയിലെ കട്ടക്കിലെ ചാണ്ടി റോഡ് ഏരിയയിലെ നടിയുടെ സ്വവസതിയിൽ വച്ച് വ്യാഴാഴ്‌ച രാത്രിയോടെയായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു.
നാളേറെയായി വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ വലയുകയായിരുന്നു ഝരണ ദാസ്. പ്രിയ നടിക്ക് അന്തിമോപചാരം അർപ്പിക്കാൻ നിരവധി പ്രമുഖ താരങ്ങളും ആരാധകരും നടിയുടെ വസതിയിൽ എത്തിച്ചേര്‍ന്നിട്ടുണ്ട്.
1945ലായിരുന്നു ഝരണ ദാസിന്‍റെ ജനനം. 'അമദ ബറ്റ', 'അഭിനേത്രി', 'മലജൻഹ' തുടങ്ങി ക്ലാസിക് സിനിമകളില്‍ അവിസ്‌മരണീയമായ വേഷങ്ങളിലൂടെ അവർ ജനപ്രിയ നടിയായി മാറിയിരുന്നു. കട്ടക്കിലെ ഓൾ ഇന്ത്യ റേഡിയോയിലെ ഒരു പ്രമുഖ ബാലതാരമായിരുന്നു ഝരണ ദാസ്. ഇത് ഒരു മികച്ച നടിയിലേയ്‌ക്കുള്ള അടിത്തറ പാകി.
കട്ടക്കിലെ ദൂരദർശനിൽ അസിസ്‌റ്റന്‍റ് സ്‌റ്റേഷന്‍ ഡയറക്‌ടര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി ടിവി ഷോകളിലെ നിറസാന്നിധ്യം കൂടിയായിരുന്നു ഝരണ ദാസ്. പ്രശസ്‌ത ഒഡിയ രാഷ്‌ട്രീയക്കാരനായ ഹരേക്രുഷ്‌ണ മഹതാബിന്‍റെ ജീവചരിത്ര ഡോക്യുമെന്‍ററി ചിത്രവും ഝരണ ദാസ് സംവിധാനം ചെയ്‌തിട്ടുണ്ട്.
ഗുരു കേളുചരൺ മഹാപാത്രയുടെ ശിക്ഷണത്തിൽ ഒഡീസി നൃത്തത്തിലും ഝരണ ദാസ് പരിശീലനം നേടിയിട്ടുണ്ട്. 2016ൽ ഗുരു കേളുചരൺ മഹാപാത്ര പുരസ്‌കാരവും ഝരണ ദാസ് ഏറ്റുവാങ്ങി.