സംബല്‍പുര്‍ (ഒഡിഷ): ബൊലേറോ വാഹനം കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. ഒഡിഷയിലെ സംബല്‍പുര്‍ ജില്ലയിലാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റ നാല് പേര്‍ സംബാൽപുർ ജില്ല ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംബൽപൂരിലെ പരമൻപുർ എന്ന പ്രദേശത്ത് നടന്ന വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 11 പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. വാഹനം വ്യാഴാഴ്‌ച അര്‍ധ രാത്രി ഒരുമണിയോടെയാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.
ഇതില്‍ 7 പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. നാല് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. അപകട കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. അജിത് ഖമാരി, ദിവ്യ ലോഹ, സുബൽ ഭോയ്, സുമന്ത് ഭോയ്, സരോജ് സേത്ത്, രമാകാന്ത് ഭോയ്, അപകടത്തില്‍പ്പെട്ട വാഹനത്തിന്‍റെ ഡ്രൈവർ ശത്രുഘ്ന ഭോയ് എന്നിവരാണ് കൊല്ലപ്പെട്ടത്. മുഴുവന്‍ ആളുകളും ജാർസുഗുഡ ജില്ലയിലെ ലഖൻപൂർ ബ്ലോക്കിലെ ബദാധര ഗ്രാമവാസികളാണ്. രക്ഷാപ്രവര്‍ത്തനം വൈകിയത് മൂലമാണ് മരണ സംഖ്യ ഉയരാന്‍ കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
വാഹനം കനാലിലേക്ക് മറിഞ്ഞതിന് പിന്നാലെ തന്നെ മൂന്ന് പേര്‍ രക്ഷപ്പെട്ടിരുന്നു. ഇവരാണ് നാലാമത്തെ വ്യക്തിയേയും വാഹനത്തില്‍ നിന്നും പുറത്തെടുത്തത്. തുടര്‍ന്ന്, പ്രദേശവാസികളെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വാഹനത്തിനുള്ളില്‍ കുടുങ്ങി കിടന്ന ഏഴ് യാത്രക്കാരും മരണപ്പെട്ടിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.
രക്ഷാപ്രവര്‍ത്തനം നടത്താന്‍ താമസിച്ചിരുന്നുവെന്ന് മരിച്ചവരുടെ ബന്ധുക്കളും ആരോപിച്ചു. ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.