പിലിഭിത്ത് (ഉത്തർപ്രദേശ്) :ഉത്തർപ്രദേശ് സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് ബിജെപി എംപി വരുൺ ഗാന്ധി. റേഷൻ കാർഡ് കൈവശം വയ്ക്കുന്നതിനുള്ള യോഗ്യതാമാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതിന്‍റെ പേരിലാണ് ഇത്തവണ വരുൺ ഗാന്ധി സ്വന്തം പാർട്ടിക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയത്. അർഹതയില്ലാത്ത വ്യക്തികൾ മെയ് 20നകം റേഷൻ കാർഡ് സറണ്ടർ ചെയ്യണമെന്നും അല്ലെങ്കിൽ ദേശീയ ഭക്ഷ്യസുരക്ഷ നിയമം 2013 പ്രകാരം അത്തരം വ്യക്തികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള ശിക്ഷാനടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും ഏപ്രിലിൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.
മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതിന്‍റെ പേരിൽ ശനിയാഴ്‌ച വരുൺ ഗാന്ധി സംസ്ഥാന സർക്കാരിനെ വിമർശിച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു. തെരഞ്ഞെടുപ്പിന് മുൻപ് യോഗ്യരായവർ തെരഞ്ഞെടുപ്പിന് ശേഷം അയോഗ്യരാകുകയാണോയെന്ന് വരുൺ ഗാന്ധി ചോദിക്കുന്നു. സാധാരണക്കാരന്‍റെ ജീവിതത്തെ ബാധിക്കുന്ന എല്ലാ ഘടകങ്ങളും തെരഞ്ഞെടുപ്പിന്‍റെ വീക്ഷണത്തിലൂടെ മാത്രം തീരുമാനിക്കുകയാണെങ്കിൽ ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസ്യത നഷ്‌ടപ്പെടും.