ന്യൂഡൽഹി : രാജ്യത്ത് വാക്‌സിൻ ഉപയോഗം കൂടുതൽ കാര്യക്ഷമമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. സംസ്ഥാനങ്ങൾ വാക്‌സിൻ പാഴാക്കുന്നതിൽ ഗണ്യമായ കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. കൊവാക്‌സിൻ പഴാക്കുന്നതിന്‍റെ കണക്ക് മാർച്ച് ഒന്നിന് 17 ശതമാനമായിരുന്നത് നാല് ശതമാനമായി കുറഞ്ഞു. അതേസമയം കൊവിഷീൽഡിന്‍റെ കാര്യത്തിൽ എട്ട് ശതമാനത്തിൽ ഒരു ശതമാനമായും കുറഞ്ഞു. ഇത് നല്ല സൂചനയാണ്. എല്ലാ സംസ്ഥാനങ്ങളും വാക്സിൻ പാഴാക്കുന്നത് ഒരു ശതമാനത്തിൽ താഴെയാക്കണമെന്നും ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ ആവശ്യപ്പെട്ടു.
ഒരാൾക്ക് രണ്ട് വ്യത്യസ്ത വാക്സിനുകൾ സ്വീകരിക്കാൻ കഴിയുമോയെന്ന് ചോദിച്ചതിന്, ഈ പ്രശ്നത്തിന് ഇപ്പോഴും ശാസ്ത്രീയ തെളിവുകൾ ആവശ്യമാണെന്ന് ദേശീയ ടാസ്‌ക് ഫോഴ്‌സ് ചെയർമാൻ ഡോ. വി.കെ പോൾ പറഞ്ഞു. രാജ്യത്ത് പല സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നുണ്ട്. ഒരു ലക്ഷത്തിലധികം സജീവ കേസുകളുള്ള സംസ്ഥാനങ്ങളുടെ എണ്ണം എട്ടായി കുറഞ്ഞു. എട്ട് സംസ്ഥാനങ്ങളിൽ 50,000 മുതൽ ഒരു ലക്ഷം വരെ കേസുകൾ സജീവമാണ്. 50,000 ൽ താഴെ കേസുകളുള്ള സംസ്ഥാനങ്ങളുടെ എണ്ണം 20 ആയി കുറഞ്ഞെന്നും ആരോഗ്യമന്ത്രാലയം അധികൃതര്‍ അറിയിച്ചു.