ഉത്തരകാശി (ഉത്തരാഖണ്ഡ്) : യമുനോത്രി ദേശീയപാതയിൽ നിർമാണത്തിലിരുന്ന സില്‍ക്യാര തുരങ്കം തകർന്നുവീണ് അകത്ത് കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യത്തില്‍ പ്രതിസന്ധി. രക്ഷാപ്രവർത്തനത്തിനെത്തിച്ച യന്ത്രങ്ങളുടെ തകരാറും തുരങ്കത്തിനകത്തെ പ്രതികൂല സാഹചര്യങ്ങളും മൂലം ദൗത്യം താത്കാലികമായി നിർത്തിയിരിക്കുകയാണ് (Uttarkashi Tunnel Collapse Rescue Op On Hold After Machine Snag). ഇതോടെ രക്ഷാ ദൗത്യം വീണ്ടും നീളുമെന്നാണ് സൂചന.
ടണലിലെ മണ്ണ് തുരക്കാനെത്തിച്ച അമേരിക്കന്‍ നിര്‍മ്മിത ജാക്ക് ആൻഡ് പുഷ് എർത്ത് ഓഗർ ഡ്രില്ലിംഗ് യന്ത്രം (Jack And Push Earth Auger Machine) കഴിഞ്ഞദിവസം അവശിഷ്‌ടങ്ങൾക്കിടയിലെ ലോഹഭാഗങ്ങളിൽ തട്ടിയിരുന്നു. ഇതേത്തുടർന്ന് നിർത്തിവച്ച രക്ഷാപ്രവർത്തനം ഇതുവരെ പുരാനാരംഭിച്ചിട്ടില്ല. ഇന്നലെ രാവിലെ വലിയ പാറക്കല്ലിലിടിച്ചും യന്ത്രത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ഈ തകരാര്‍ പരിഹരിച്ച ശേഷം പ്രവര്‍ത്തനം പുനരാരംഭിച്ചപ്പോളാണ് യന്ത്രം ലോഹഭാഗത്തിൽ തട്ടിയത്.
ഓഗര്‍ യന്ത്രം തകരാറാറിലായതോടെ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് മറ്റൊരു ഡ്രില്ലിംഗ് മെഷീൻ വിമാനമാർഗ്ഗം സിൽക്യാരയിലെത്തിച്ചിട്ടുണ്ട്. യന്ത്രഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. 41 തൊഴിലാളികളാണ് തുരങ്കത്തിനുളളില്‍ അകപ്പെട്ടത്. ഞായറാഴ്‌ച (നവംബർ 12) പുലർച്ചെ 5:30 ഓടെയായിരുന്നു സംഭവം. സിൽക്യാരയെ ദണ്ഡൽഗാവണുമായി ബന്ധിപ്പിച്ച് നിർമിക്കുന്ന തുരങ്കത്തിന്‍റെ ഒരു ഭാഗമാണ് തകർന്നത്.
ബന്ധുക്കൾ അസ്വസ്ഥർ:തുരങ്കത്തിലെ രക്ഷാപ്രവർത്തനം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ അകത്ത് കുടുങ്ങിയ തൊഴിലാളികളുടെ ബന്ധുക്കൾ നിരാശയിലാണ്. അകത്തുള്ളവരുമായി വാക്കി ടോക്കിയിൽ സംസാരിച്ചശേഷം അവരുടെ ശബ്‌ദം ദുർബ്ബലമാണെന്ന് ബന്ധുക്കൾ ആശങ്ക പ്രകടിപ്പിച്ചു. തൊഴിലാളികളുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടി.
അതേസമയം തുരങ്കത്തിനുള്ളിൽ ഒരു ജോലിയും നടക്കുന്നില്ലെന്നും കുടുങ്ങിയവരെ പുറത്തെത്തിക്കാൻ കമ്പനിയോ സർക്കാരോ ഒന്നും ചെയ്യില്ലെന്നും ബന്ധുക്കളിൽ ചിലർ ആരോപിച്ചു. കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തുമെന്ന ഉറപ്പ് മാത്രമാണ് ലഭിക്കുന്നത്. അവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നില്ല. ഓരോ മണിക്കൂറിലും തനിക്ക് ക്ഷമയും പ്രതീക്ഷയും നഷ്‌ടപ്പെടുകയാണെന്നും കുടുങ്ങിയ തൊഴിലാളികളിൽ ഒരാളുടെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.
ആത്മവിശ്വാസത്തോടെ ദൗത്യസംഘം: 25 മീറ്റർ തുരന്നതിനുശേഷമാണ് യന്ത്രത്തിന് കേടുപാടുകൾ സംഭവിച്ച് പ്രവർത്തനം നിർത്തിവച്ചത്. എന്നാലും തകർന്ന തുരങ്കത്തിന് സമാന്തര ഇടനാഴി ഉണ്ടാക്കി തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അധികൃതര്‍. തുരങ്കത്തിന്‍റെ പ്രവേശന കവാടത്തിൽ നിന്ന് 200 മീറ്റർ അകലെയാണ് തകർന്ന ഭാഗം സ്ഥിതി ചെയ്യുന്നത്. വോക്കി ടോക്കികളുടെ സഹായത്തോടെ തുരങ്കത്തിലുള്ളവരുമായി രക്ഷാപ്രവര്‍ത്തകര്‍ ആശയവിനിമയം നടത്തുന്നുണ്ട്. ആറിഞ്ച് വ്യാസമുള്ള തുരങ്കത്തിലൂടെ അകത്തുള്ളവർക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്. ഓക്‌സിജൻ സാന്നിധ്യവും ഈ തുരങ്കത്തിലൂടെ ഉറപ്പാക്കുന്നുണ്ട്.