ഉത്തരകാശി (ഉത്തരാഖണ്ഡ്): ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ (Uttarkashi tunnel collapse rescue operation) കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്ക് കടന്നു. കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെയും ഇന്ന് പുറത്തെത്തിക്കുമെന്ന് രക്ഷാപ്രവർത്തന ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
'സിൽക്യാര രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. തൊഴിലാളികളെ രക്ഷിക്കാൻ എൻഡിആർഎഫ് (NDRF) സംഘത്തെ വിന്യസിച്ചിട്ടുണ്ട്. തുരങ്കത്തിനുള്ളിൽ ഒരു ആംബുലൻസും ഡോക്‌ടർമാരുടെ ടീമും സജ്ജമാണ്' -ഉദ്യോഗസ്ഥന്‍ അറിയിച്ചു.
നവംബർ 12 നാണ് സിൽക്യാര (Silkyara tunnel collapse) മുതൽ ബാർകോട്ട് വരെ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിന്‍റെ സിൽക്യാര ഭാഗത്ത് 60 മീറ്ററോളം തകർന്ന് 41 തൊഴിലാളികൾ കുടുങ്ങിയത്. തുരങ്കത്തിൽ നേരെ സമാന്തരമായി നടത്തിയ ഡ്രില്ലിങ് വഴി 44 മീറ്റർ വരെ പൈപ്പുകൾ എത്തിക്കാനായിട്ടുണ്ട്. എന്നാൽ അവശിഷ്‌ടങ്ങൾക്കിടയിൽ സ്റ്റീൽ പൈപ്പുകൾ കണ്ടെത്തിയത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാവുകയാണ്.
ഡ്രില്ലിങ് യന്ത്രത്തിന് സ്റ്റീൽ പൈപ്പുകൾ മുറിക്കാനായില്ല. അതിനാൽ എൻ ഡി ആർ എഫ് ഉദ്യോഗസ്ഥർ എത്തി സ്റ്റീൽ പൈപ്പുകൾ മുറിക്കും. ശേഷം വീണ്ടും ഡ്രില്ലിങ് തുടരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കശ്‌മീരിൽ നിർമാണത്തിലിരിക്കുന്ന സോജി-ലാ ടണൽ പദ്ധതിയുടെ പ്രൊജക്‌ട് ഹെഡ് കൂടിയായ റെസ്ക്യൂ ഓഫിസർ ഹർപാൽ സിങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു മണിക്കൂറിനുള്ളിൽ രക്ഷാപ്രവർത്തനത്തിന് തടസം നിൽക്കുന്ന സ്റ്റീൽ പൈപ്പുകൾ മുറിക്കാനാകുമെന്നും അടുത്ത 5 മണിക്കൂറിനുള്ളിൽ രണ്ട് പൈപ്പുകൾ കൂടെ അകത്തേക്ക് തള്ളാനും രക്ഷാപ്രവർത്തനം ആരംഭിക്കാനും കഴിയുമെന്ന് തനിക്ക് പൂർണ വിശ്വാസമുള്ളതായി അദ്ദേഹം ഇന്നലെ രാത്രി പറഞ്ഞു. ഇത് കുടുങ്ങിക്കിടക്കുന്നവരുടെ കുടുംബാംഗങ്ങൾക്ക് ആശ്വാസം പകരുന്ന വാർത്തയാണ്.