ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തന ദൗത്യം (rescue operation) വേഗത്തിലാക്കുന്നതിനായി ഓഗർ ഡ്രിൽ മെഷീൻ സ്ഥാപിച്ചു. വോക്കി ടോക്കികളുടെ സഹായത്തോടെയുള്ള നിരന്തരമായ ആശയവിനിമയത്തിലൂടെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ മാനസികാരോഗ്യം നിരീക്ഷിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
തുരങ്കം സ്ഥിതി ചെയ്യുന്ന മലനിരകളുടെ ദുർബലാവസ്ഥ കണക്കിലെടുത്ത് നോർവീജിയൻ, തായ് വിദഗ്‌ധരിൽ നിന്ന് ഉപദേശം തേടിയിട്ടുണ്ട്. 800 മില്ലിമീറ്റർ ഇവാക്വേഷൻ ട്യൂബുകൾ സ്ഥാപിക്കാൻ 50 മീറ്റർ അവശിഷ്‌ടങ്ങൾ തുളച്ചുകയറേണ്ടതുണ്ട്. അതിന് വേണ്ടിയാണ് ഓഗർ ഡ്രിൽ മെഷീൻ എത്തിച്ചത്. മണിക്കൂറിൽ 4 മുതൽ 5 മീറ്റർ വരെ തുളച്ചുകയറുന്നതാണ് ഈ നൂതന മെഷീൻ. വ്യോമസേനയുടെ ഹെർക്കുലീസ് വിമാനത്തിൽ മൂന്ന് ബാച്ചുകളിലായാണ് ഓഗർ ഡ്രില്ലിങ് മെഷീൻ കൊണ്ടുവന്നത്.
'യുഎസിൽ നിർമിച്ച ജാക്ക് ആൻഡ് പുഷ് എർത്ത് ഓഗർ മെഷീൻ വളരെ നൂതനവും വേഗത്തിൽ പ്രവർത്തിക്കുന്നതുമാണ്' എന്ന് രക്ഷാപ്രവർത്തനത്തിന്‍റെ ചുമതലയുള്ള കേണൽ ദീപക് പാട്ടീൽ പറഞ്ഞു. ഇപ്പോൾ മിലിട്ടറി ഓപ്പറേഷൻ ടീമും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിട്ടുണ്ട്. നോർവേയിൽ നിന്നും തായ്‌ലൻഡിൽ നിന്നുമുള്ള പ്രത്യേക സംഘത്തിന്‍റെ സഹായവും സ്വീകരിക്കുന്നുണ്ട്.
തായ്‌ലൻഡിലെ ഒരു റെസ്‌ക്യൂ കമ്പനിയുമായി ഇതിനോടകം ബന്ധപ്പെട്ടു. ഗുഹയിൽ കുടുങ്ങിയ കുട്ടികളെ രക്ഷിച്ച കമ്പനിയുമായാണ് ബന്ധപ്പെട്ടത്. നോർവേയുടെ എൻജിഐ ഏജൻസിയിൽ നിന്നും നിർദേശങ്ങൾ തേടി. കൂടാതെ, ഇന്ത്യൻ റെയിൽവേ, ആർവിഎൻഎൽ, ആർഐടിഇഎസ്, ഐആർസിഒഎൻ എന്നിവയുടെ വിദഗ്‌ധരിൽ നിന്നും നിർദശേങ്ങൾ സ്വീകരിക്കുന്നുണ്ട്.