ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനത്തിന് തടസമായി തുരങ്കത്തിന്‍റെ അടിത്തറയിലെ വിള്ളൽ (Uttarakhand tunnel collapse rescue operation stopped due to crack). ഇതോടെ ഡ്രില്ലിംഗ് നിർത്തിവച്ചു. രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി ഡ്രില്ലിംഗ് മെഷീൻ സ്ഥാപിച്ചിരിക്കുന്ന ഭാഗത്ത് വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതിനാലാണ് പ്രവര്‍ത്തനങ്ങള്‍ താത്‌കാലികമായി നിർത്തിവയ്‌ക്കേണ്ടി വന്നത്.
ഡ്രില്ലിംഗ് മെഷീന്‍റെ ഭാരമാകാം വിള്ളലിന് കാരണമായതെന്നാണ് കണക്കാക്കപ്പെടുന്നത്. വിള്ളലുകൾ പരിഹരിച്ച് അടിത്തറ ബലപ്പെടുത്തിയതിന് ശേഷം മാത്രമേ രക്ഷാപ്രവർത്തനം തുടരാനാവൂ എന്ന് അധികൃതർ വ്യക്തമാക്കി.
സംഭവം രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോൾ:രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് തടസമായി വിള്ളൽ രൂപപ്പെട്ടത്. തുരങ്കം തകർന്നതിനെ തുടർന്നുണ്ടായ അവശിഷ്‌ടങ്ങൾ നീക്കം ചെയ്യാൻ 800 മില്ലീ മീറ്റർ വ്യാസമുള്ള സ്റ്റീൽ പൈപ്പുകൾക്ക് സമാന്തരമായുള്ള ഡ്രില്ലിംഗ് ഏകദേശം 45 മീറ്ററിലെത്തിയിരുന്നു. 57 മീറ്ററോളം നീളത്തിലുള്ള അവശിഷ്‌ടങ്ങളിൽ 12 മീറ്റലുള്ളത് മാത്രമാണ് നീക്കം ചെയ്യാൻ ശേഷിക്കുന്നത്.
ഇതിനിടെയാണ് അപ്രതീക്ഷിതമായി തുരങ്കത്തിൽ വിള്ളലുകൾ രൂപപ്പെട്ടത്. ഇത് രക്ഷാപ്രവർത്തനം ഇനിയും വൈകിക്കാനിടയാക്കും. ഇന്നലെയോടെ രക്ഷാപ്രവർത്തനം പൂർത്തിയാക്കി കുടുങ്ങിക്കിടക്കുന്ന 41 പേരെയും സുരക്ഷിതമായി പുറത്തെത്തിക്കാനാവുമെന്നാണ് രക്ഷാസേന അറിയിച്ചിരുന്നത്.
രക്ഷാപ്രവർത്തനത്തിന് തടസമായി അവശിഷ്ടങ്ങൾ :ബുധനാഴ്‌ച രാത്രി ഡ്രില്ലിംഗിനിടെ ഇരുമ്പ് വസ്‌തുക്കൾ കുടുങ്ങിയത് രക്ഷാപ്രവർത്തനം തടസപ്പെടുത്തിയിരുന്നു. ഇത് രക്ഷാപ്രവർത്തനം ആറ് മണിക്കൂർ വൈകാനിടയാക്കി. തുടർന്ന് വ്യാഴാഴ്‌ച രാവിലെ ഡ്രില്ലിംഗിലുണ്ടായ തടസം നീക്കി രക്ഷാപ്രവർത്തനം പുനരാരംഭിച്ചിരുന്നു. ശേഷം ഡ്രില്ലിംഗ് 1.8 മീറ്ററോളം പുരോഗമിച്ചിരുന്നു. ഇത്തരത്തില്‍ 48 മീറ്ററോളം എത്തിയതായി അധികൃതർ പറഞ്ഞു.
നവംബർ 12 ന് ദീപാവലി ദിനത്തിൽ പുലർച്ചെ 5.30 ന് ഉണ്ടായ മണ്ണിടിച്ചിലിനെത്തുടർന്നാണ് ബ്രഹ്മഖൽ-യമുനോത്രി ഹൈവേയിൽ നിർമ്മാണത്തിലിരിക്കുന്ന സിൽക്യാര തുരങ്കത്തിന്‍റെ ഒരു ഭാഗത്ത് തൊഴിലാളികൾ കുടുങ്ങിയത്.
രക്ഷാപ്രവർത്തനം സജീവം :രക്ഷാപ്രവർത്തനങ്ങളിൽ ജില്ല ഭരണകൂടം, എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, ബിആർഒ, പ്രൊജക്‌ട് എക്‌സിക്യൂട്ടിംഗ് ഏജൻസി, എൻഎച്ച്‌ഐഡിസിഎൽ, ഐടിബിപി എന്നിവയുൾപ്പടെ പങ്കാളികളാണ്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്തിയ ഉടൻ അടിയന്തര വൈദ്യസഹായം നൽകാൻ ഡോക്‌ടർമാരുടെ സംഘവും ആശുപത്രിയിലെത്തിക്കാൻ ആംബുലൻസും സജ്ജമാണ്. ചിന്യാലിസൗറിലെ കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ 41 കിടക്കകളുള്ള പ്രത്യേക വാർഡും തയ്യാറാക്കിയിരുന്നു.
സ്ഥലം സന്ദർശിച്ച് പുഷ്‌കർ ധാമി :കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് ഓക്‌സിജൻ വിതരണം ചെയ്യുന്നതിനായി അവശിഷ്‌ടങ്ങൾക്കിടയിലൂടെ ഒരു പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഭക്ഷണവും വൈദ്യുതിയും മരുന്നുകളും എത്തിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളും സുരക്ഷിതരാണെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഉത്തരാഖണ്ഡ്മുഖ്യമന്ത്രി പുഷ്‌കർ ധാമി അറിയിച്ചിരുന്നു. അദ്ദേഹം സ്ഥലം സന്ദർശിച്ച് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ആശയവിനിമയം നടത്തിയിരുന്നു.
Also read: പ്രാർഥനയുമായി പ്രിയങ്കയും, സില്‍ക്യാര രക്ഷ ദൗത്യം തുടരുന്നു: തൊഴിലാളികളെ തിരികെയെത്തിക്കാൻ തീവ്രശ്രമം