ഡെറാഡൂൺ: ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്‌ക്ക് ആശ്വാസവും കോണ്‍ഗ്രസിന് ആശങ്കയും നല്‍കുന്ന ഫലമാണ് എക്‌സിറ്റ് പോളുകള്‍ നല്‍കുന്നത്. ഭരണപരമായി, ഉത്തരാഖണ്ഡ് സംസ്ഥാനത്തെ രണ്ട് ഭാഗങ്ങളായാണ് തിരിച്ചിട്ടുള്ളത്. ഗർവാൾ, കുമയോൺ എന്നീ ഡിവിഷണുകളാണ് അവ.
കുമയൂണ്‍ കോണ്‍ഗ്രസിന്‍റെ 'അഭിമാനപ്രശ്‌നം'
ഗർവാൾ ഡിവിഷനിൽ കൂടുതൽ അസംബ്ലി സീറ്റുകളുണ്ടെങ്കിലും ബി.ജെ.പിയുടെയും കോൺഗ്രസിന്‍റെയും ശ്രദ്ധ കുമയോൺ ഡിവിഷനിലായിരുന്നു. കുമയൂണ്‍ പിടിക്കാന്‍ ഇരുപാര്‍ട്ടികളും തീവ്രശ്രമം നടത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്തിന്‍റെ തട്ടകമായ കുമയൂണിൽ ശക്തി തെളിയിക്കുകയെന്നത് പാര്‍ട്ടിയുടെ അഭിമാനപ്രശ്‌നമാണ്. ഗർവാൾ ഡിവിഷനിൽ ഏഴ് ജില്ലകളും കുമയൂണിൽ ആറ് ജില്ലകളുമാണുള്ളത്.
ഉത്തരാഖണ്ഡ് നിയമസഭയിലെ 70 സീറ്റുകളിൽ 41 സീറ്റുകൾ ഗർവാളിലും ബാക്കി 29 സീറ്റുകൾ കുമയൂൺ ഡിവിഷനിലുമാണ് സ്ഥിതിചെയ്യുന്നത്. ഉത്തരാഖണ്ഡിലെ ജനസംഖ്യയില്‍ 83% ഹിന്ദുക്കളും 14% മുസ്ലീങ്ങളും 2.4% സിഖുകാരുമാണ്. ഗർവാൾ ഡിവിഷനിലെ 41 നിയമസഭ സീറ്റുകളിൽ ഏകദേശം 12 നിയമസഭ സീറ്റുകളിലെ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ മുസ്ലിം-ദലിത് സഖ്യം വളരെ പ്രധാനമാണ്. ഈ 'പള്‍സ്' അറിഞ്ഞു തന്നെയാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചത്.
സംസ്ഥാന അസംബ്ലിയിൽ 13 അസംബ്ലി സീറ്റുകൾ പട്ടികജാതി (എസ്.സി) വിഭാത്തിനും രണ്ട് അസംബ്ലി സീറ്റുകൾ പട്ടികവർഗ (എസ്.ടി) വിഭാഗത്തിനുമാണ് സംവരണം ചെയ്തിരുന്നത്. പട്ടികജാതി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത 13 സീറ്റുകളിൽ എട്ട് അസംബ്ലി സീറ്റുകൾ ഗർവാൾ ഡിവിഷനിലും എസ്.ടി സീറ്റുകള്‍ ഗർവാൾ ഡിവിഷനിലുമാണുള്ളത്. സംസ്ഥാനത്ത് സിഖ് വോട്ടർമാര്‍ ഏകദേശം 2.4% ആണ്. അതിൽ 0.9% വോട്ടർമാർ ഗഡ്‌വാളിലാണ്. ഈ ഡിവിഷനിലെ കന്‍റോൺമെന്‍റ് അസംബ്ലി സീറ്റിലാണ് ഏറ്റവും കൂടുതൽ സിഖ് വോട്ടർമാരുള്ളത്.
'ചർധാം ചാർകാം' മുദ്രാവാക്യമുപയോഗിച്ച് കോണ്‍ഗ്രസ്
ഗർവാളിൽ 32% താക്കൂർമാരും 24% ബ്രാഹ്മണ വോട്ടർമാരുമാണ്. പരാമാവധി ജാതിവോട്ടുകള്‍ പെട്ടിയിലാക്കാന്‍ ഗർവാളില്‍ ബി.ജെ.പി സ്ഥാനാർഥികളിൽ 65% താക്കൂര്‍, ബ്രാഹ്മണര്‍ എന്നിവരെയാണ് പാര്‍ട്ടി അവതരിപ്പിച്ചത്. അതേ ശതമാനത്തില്‍ തന്നെയാണ് കോണ്‍ഗ്രസും പിടിച്ചത്. കുമയോണിൽ ഹിന്ദു ജനസംഖ്യയുടെ 40 ശതമാനം താക്കൂർമാരും 25 ശതമാനം ബ്രാഹ്മണരും 19 ശതമാനം പട്ടികജാതിക്കാരും മൂന്ന് ശതമാനത്തിൽ താഴെ പട്ടികവർഗക്കാരുമാണ്. ഗർവാൾ ഡിവിഷനിൽപ്പെട്ട ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരീനാഥ് എന്നിവിടങ്ങളില്‍
'ചർധാം ചാർകാം' എന്ന മുദ്രാവാക്യം ഉപയോഗിച്ചാണ് കോൺഗ്രസ് ജനവിധി തേടിയത്. അതേസമയം, ബി.ജെ.പി 'ഹിന്ദുത്വ ലൈനാണി'വിടെ പ്രയോഗിച്ചത്. 2017 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ 57 സീറ്റുകളും ബി.ജെ.പി വൻ ഭൂരിപക്ഷത്തോടെ നേടിയിരുന്നു. അതേസമയം, ഗാർവാൾ ഡിവിഷനിലെ 41 സീറ്റുകളിൽ ബി.ജെ.പി 34 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് ആറ് സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. ധനോൽട്ടിയെന്ന ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാർത്ഥി പ്രീതം പൻവാർ നേടുകയുണ്ടായി.
എന്നാല്‍, ഇയാളെ ബി.ജെ.പി വലയിലാക്കുകയും പാര്‍ട്ടിയില്‍ അംഗത്വമെടുക്കുകയും ചെയ്‌തു. പാർട്ടി ടിക്കറ്റിൽ വീണ്ടും ധനോൽട്ടിയിൽ നിന്ന് മത്സരിച്ച് സീറ്റ് പിടിക്കൂകയുണ്ടായി. കുമയൂണിലെ 29 സീറ്റിൽ 23 സീറ്റും ബി.ജെ.പിയാണ് നേടിയത്. ബി.ജെ.പി നേതാവ് ത്രിവേന്ദ്ര സിങ് റാവത്ത് 2017 ൽ മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും കാലാവധി അവസാനിക്കുന്നതിന് മുന്‍പ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി. തുടര്‍ന്ന് തിരത് സിങ് റാവത്തിനെ മുഖ്യമന്ത്രിയാക്കി.
അദ്ദേഹവും ഏതാനും മാസങ്ങൾ മാത്രമാണ് അധികാരത്തിലിരുന്നത്. ഒടുവിൽ, തെരഞ്ഞെടുപ്പിന് അഞ്ച് മാസം മുന്‍പ് ബി.ജെ.പി പുഷ്കർ സിങ് ധാമിയെ മുഖ്യമന്ത്രിയാക്കി. ധാമിയുടെ നേതൃത്വത്തിലാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. 2000 നവംബർ ഒന്‍പതിന് ഉത്തര്‍പ്രദേശ് വിഭജിച്ച് ഉത്തരാഖണ്ഡ് സ്ഥാപിച്ചശേഷം കാലാവധി പൂര്‍ത്തിയാക്കിയ ഒരു മുഖ്യമന്ത്രി മാത്രമേ സംസ്ഥാന ചരിത്രത്തിലുള്ളൂ. 2002- 2007 വര്‍ഷത്തില്‍ കോൺഗ്രസ് സര്‍ക്കാരിന്‍റെ തലപ്പത്തിരുന്ന നാരായൺ ദത്ത് തിവാരിയാണത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ടുവിഹിതത്തിൽ വൻ കുതിച്ചു ചാട്ടമുണ്ടായത്. എന്നാല്‍ ഇത്തവണ സംഗതി മാറിമറിയുമെന്ന് ഉത്തരാഖണ്ഡ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ അഭിപ്രായപ്പെടുന്നു. ബി.ജെ.പിയുടെ വോട്ട് വിഹിതം ഗണ്യമായി കുറയുമെന്നും ഗോഡിയാൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ ആഭ്യന്തര മന്ത്രി അമിത് ഷാ വരെ തെരഞ്ഞെടുപ്പ് സമയത്ത് സജീവമായി സംസ്ഥാനത്തുണ്ടായിരുന്നു. ഇരുനേതാക്കളും പൊതുജനങ്ങളുടെ വാതിൽപ്പടിയിൽ വോട്ട് ചോദിക്കുന്ന സ്ഥിതീവിശേഷമായിരുന്നു.
വെർച്വലായും അല്ലാതെയും മൊത്തം 695 തെരഞ്ഞെടുപ്പ് റാലികളാണ് ഉത്തരാഖണ്ഡിൽ ബി.ജെ.പി നടത്തിയത്. പ്രധാനമന്ത്രി മോദി ഉത്തരാഖണ്ഡിൽ ആകെ 151 തെരഞ്ഞെടുപ്പ് റാലികൾ നടത്തുകയുണ്ടായി. ഇതിൽ 148 റാലികൾ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വെർച്വലാക്കി മാറ്റി. മൂന്ന് റാലികളില്‍ പ്രധാനമന്ത്രി ജനങ്ങളെ മുഖാമുഖം അഭിസംബോധന ചെയ്തു. അതേസമയം, അമിത് ഷാ, രാജ്‌നാഥ് സിങ്, അനുരാഗ് താക്കൂർ, അജയ് ഭട്ട്, ജെ.പി നദ്ദ, പ്രഹ്ലാദ് ജോഷി എന്നിവരുൾപ്പെടെ ബി.ജെ.പിയുടെ കേന്ദ്ര നേതാക്കൾ 367 റാലികളിലാണ് പങ്കെടുത്തത്. അവയിൽ 87 റാലികൾ വെർച്വലായും 280 എണ്ണം അല്ലാതെയുമാണ് നടന്നത്.
മറുവശത്ത് കോൺഗ്രസ് 30 താരപ്രചാരകരെയാണ് സംസ്ഥാന തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത്. ഇവര്‍ 200 ലധികം റാലികൾ നടത്തി. ഹരീഷ് റാവത്ത് 70 നിയമസഭ മണ്ഡലങ്ങളിലാണ് വെർച്വൽ റാലികൾ നടത്തിയത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംസ്ഥാനത്ത് വെർച്വൽ, ഫിസിക്കൽ റാലികൾ നടത്തി. രാഹുൽ ഗാന്ധി രണ്ടുതവണയാണ് സംസ്ഥാനം സന്ദർശിച്ചത്. കിച്ച, ഹരിദ്വാർ, മംഗലാപുരം, ജഗേശ്വർ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യുകയുണ്ടായി. 70 നിയമസഭ സീറ്റുകളില്‍ അദ്ദേഹത്തിന്‍റെ പ്രസംഗം വെര്‍ച്വലായി പ്രചരിപ്പിച്ചു.
രണ്ട് തവണയാണ് പ്രിയങ്ക ഗാന്ധി ഉത്തരാഖണ്ഡ് സന്ദർശിച്ചത്. ഡെറാഡൂൺ, ഖത്തിമ, ഹൽദ്വാനി എന്നിവിടങ്ങളിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്‌തു. സംസ്ഥാനത്തെ 70 നിയമസഭാ സീറ്റുകളിലായി 109 സ്ഥലങ്ങളിൽ ഒരേസമയം 43 ഓഡിയോ ബ്രിഡ്ജ് പൊതുയോഗങ്ങളും തെരഞ്ഞെടുപ്പ് റാലികളും ആരംഭിച്ചതായി ബി.ജെ.പി തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി കോ-കൺവീനർ ജ്യോതി പ്രസാദ് ഗൈറോള പറഞ്ഞു.