ലഖ്‌നൗ:ഗുണ്ടാ തലവൻ അജിത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിൽ ഷാർപ്പ്ഷൂട്ടർ മുസ്‌തഫയുടെ ഭാര്യയെയും കാമുകിയെയും കസ്റ്റഡിയിലെടുത്ത് പൊലീസ്. കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന രാജേഷ് തോമർ, രവി യാദവ്, ശിവേന്ദ്ര സിംഗ് എന്ന അങ്കുർ എന്നിവരുടെ മൊബൈൽ ലൊക്കേഷനും പൊലീസ് കണ്ടെത്തി. ഇവരെ പിടികൂടാനായി പൊലീസ് സംഘം പുറപ്പെട്ടു എന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ചോദ്യം ചെയ്യലിൽ മുസ്‌തഫയുടെ ഭാര്യ നൽകിയതിനേക്കാൾ കൂടുതൽ സുപ്രധാന വിവരങ്ങൾ കാമുകി നൽകിയിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സംഭവത്തിന് ശേഷം പൂർവഞ്ചലിലെ പല ജില്ലകളിലും മുസ്‌തഫയോടൊപ്പം ഒളിത്താവളങ്ങളിൽ കഴിഞ്ഞ ശേഷമാണ് താൻ നോയിഡയിലെത്തിയതെന്ന് അവർ പൊലീസ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.