പനാജി: ഗോവയിൽ ബിജെപിക്ക് തിരിച്ചടി. ഗോവ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്‌പൽ പരീക്കർ ബിജെപി വിട്ടു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പനാജിയിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി താൻ മത്സരിക്കുമെന്നും ഉത്‌പൽ പ്രഖ്യാപിച്ചു.
ഗോവയിൽ മൂന്ന് തവണ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുകയും കേന്ദ്രമന്ത്രി പദം അലങ്കരിക്കുകയും ചെയ്‌തിരുന്ന വ്യക്തിയാണ് അന്തരിച്ച മനോഹർ പരീക്കർ. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. എന്നാൽ മനോഹർ പരീക്കിന്‍റെ മകൻ പാർട്ടി വിടുന്നുവെന്ന വാർത്ത ബിജെപി നേതാക്കൾക്കിടയിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
മറ്റൊരു വഴിയും ഇല്ലാതായതിനാലാണ് താൻ പാർട്ടി വിടുന്നതെന്ന് വാർത്തയോട് പ്രതികരിച്ച ഉത്‌പൽ പരീക്കർ പറഞ്ഞു. രാജി വെറും ഔപചാരികത മാത്രമാണ്. ബിജെപി എന്നും ഹൃദയത്തിലുണ്ടാകും. ഗോവയിലെ ജനങ്ങൾക്ക് വേണ്ടിയാണ് രാജി വയ്ക്കുന്നത്. തന്‍റെ രാഷ്‌ട്രീയ ഭാവിയെ കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പിനുള്ള 34 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ബിജെപി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പാർട്ടി വിടാനുള്ള ഉത്പലിന്‍റെ പ്രഖ്യാപനം. അച്ഛന്‍റെ മണ്ഡലമായ പനാജിയിൽ മത്സരിക്കണമെന്നായിരുന്നു ഉത്‌പലിന്‍റെ ആഗ്രഹം. എന്നാൽ അറ്റനാസിയോ മോൺസെറേറ്റിനെയാണ് പനാജിയിൽ മത്സരിക്കാൻ പാർട്ടി തെരഞ്ഞെടുത്തത്.