ന്യൂഡൽഹി : യുഎസ് 245ാമത് സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന ഞായറാഴ്‌ച പ്രസിഡന്‍റ് ജോ ബൈഡനും അവിടുത്തെ ജനതയ്ക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യ രാജ്യങ്ങളെന്ന നിലയിൽ ഇന്ത്യയും യുഎസും സ്വാതന്ത്ര്യവും അതിന്‍റെ മൂല്യങ്ങളും ഒരുപോലെ പങ്കിടുന്നു.
ഇരുരാജ്യങ്ങളുടെയും പരസ്‌പര പങ്കാളിത്തം ആഗോളതലത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. 1776 ജൂലൈ 4നാണ് യുഎസിലെ 13 കോളനികൾ ബ്രിട്ടീഷ് രാജഭരണത്തിൽ നിന്ന് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്.
Also Read:കൊവാക്സിൻ വാങ്ങിയതിൽ അഴിമതി; ബ്രസീലിയൻ പ്രസിഡന്‍റിനെതിരെ അന്വേഷണത്തിന് ഉത്തരവ്
2020ൽ യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്‌ണർഷിപ്പ് ഫോറത്തിന്‍റെ (യുഎസ്ഐഎസ്‌പിഎഫ്) മൂന്നാം വാർഷിക നേതൃത്വ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രഭാഷണത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് ഊന്നിപ്പറഞ്ഞിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികവും വാണിജ്യപരവുമായ ബന്ധം ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഇത് സാമ്പത്തിക വളർച്ച, സംരംഭകത്വം, തൊഴിലവസരങ്ങൾ സൃഷ്‌ടിക്കൽ, കൂടുതൽ സമഗ്രമായ സമൂഹത്തിന്‍റെ നവീകരണം എന്നിവയിലേക്ക് നയിക്കുമെന്നും മോദി വ്യക്തമാക്കിയിരുന്നു.