വാഷിങ്‌ടൺ:ലോസ് ഏഞ്ചൽസിൽ നിന്ന് ബോസ്റ്റണിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ എമർജൻസി എക്‌സിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ തടഞ്ഞ ഫ്ലൈറ്റ് അറ്റൻഡറെ കുത്തി. മസാച്യുസെറ്റ്‌സിലെ ലിയോമിൻസ്റ്ററിൽ നിന്നുള്ള 33 കാരൻ ഫ്രാൻസിസ്കോ സെവേറോ ടോറസിനെ സംഭവത്തെ തുടർന്ന് പൊലീസ് കസ്‌റ്റഡിയിലെടുത്തു. തുടർന്ന് അറസ്‌റ്റ് രേഖപ്പെടുത്തിയതായി യുഎസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് ജസ്‌റ്റിസ് ഔദ്യോഗിക പ്രസ്‌താവന ഇറക്കി.
സംഭവമിങ്ങനെ :യുഎസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് ജസ്‌റ്റിസിന്‍റെ ഔദ്യോഗിക പ്രസ്‌താവനയും ചാർജ് ഷീറ്റും അനുസരിച്ച് ലോസ് ഏഞ്ചൽസിൽ നിന്നും ബോസ്‌റ്റണിലേക്ക് പോവുകയായിരുന്ന യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ടോറസ്. ലാൻഡിംഗിന് ഏകദേശം 45 മിനിറ്റ് മുമ്പ്, വിമാനത്തിന്‍റെ ഫസ്‌റ്റ് ക്ലാസിനും കോച്ചിനും ഇടയിലുള്ള സ്‌റ്റാർബോർഡ് സൈഡ് ഡോർ ഡിസ്‌ആം ചെയ്യപ്പെട്ടതായി വിമാന ജീവനക്കാർക്ക് കോക്ക്പിറ്റിൽ നിന്ന് അലാറം ലഭിച്ചു. ഫ്ലൈറ്റ് അറ്റൻഡന്‍റർ പരിശോധിക്കവെ പൂർണ്ണമായും പൂട്ടിയിരുന്ന ഡോറിന്‍റെ ലോക്കിംഗ്, ഹാൻഡിൽ നിന്ന് നീക്കിയതായി കണ്ടെത്താൻ സാധിച്ചു.
ഏകദേശം നാലിലൊന്ന് ഭാഗവും തുറന്ന അവസ്ഥയിലുണ്ടായിരുന്ന എമർജൻസി സ്ലൈഡും വാതിലും സുരക്ഷിതമാക്കിയ ശേഷം ഫ്ലൈറ്റ് അറ്റൻഡർ വിവരം ക്യാപ്റ്റൻ, ഫ്ലൈറ്റ് ക്രൂ എന്നിവരെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാതിലിനടുത്ത് ടോറസിനെ താൻ കണ്ടിരുന്നതായി സഹ ഫ്ലൈറ്റ് അറ്റൻഡർ റിപ്പോർട്ട് ചെയ്‌തു. ടോറസ് വാതിൽ തുറക്കാൻ ശ്രമിച്ചതിനുള്ള തെളിവുകൾ പിന്നീട് ലഭിച്ചു.
വാതിൽ തുറക്കാൻ ശ്രമിച്ചതിനെക്കുറിച്ച് ഫ്ലൈറ്റ് അറ്റൻഡന്‍റ് ടോറസിനോട് സംസാരിച്ചു. അറ്റൻഡന്‍റിന്‍റെ പ്രസ്‌താവന പ്രകാരം, താൻ അങ്ങനെ ചെയ്‌തതായി കാണിക്കുന്ന ക്യാമറ ദൃശ്യങ്ങൾ ഉണ്ടോ എന്ന് ചോദിച്ച് ഫ്രാൻസിസ്കോ സെവേറോ തട്ടിക്കയറുകയായിരുന്നു. ടോറസ് ഭീഷണിയാണെന്നും ക്യാപ്റ്റൻ വിമാനം എത്രയും വേഗം ലാൻഡ് ചെയ്യണമെന്നുമുള്ള വിവരം ഫ്ലൈറ്റ് അറ്റൻഡന്‍റ് ക്യാപ്റ്റനെ അറിയിച്ചു. തൊട്ടുപിന്നാലെ, ടോറസ് സ്റ്റാർബോർഡിന്‍റെ വശത്തെ വാതിലിനടുത്തേക്ക് വരികയും അവിടെ ഉണ്ടായിരുന്ന രണ്ട് ഫ്ലൈറ്റ് അറ്റൻഡന്‍ററിലൊരാൾക്കിട്ട് മെറ്റൽ സ്‌പൂൺ ഉപയോഗിച്ച് കുത്തുകയായിരുന്നു. തുടർന്ന് യാത്രക്കാർ ചേർന്ന് അക്രമാസക്‌തനായ ടോറസിനെ വിമാന ജീവനക്കാരുടെ സഹായത്തോടെ നിയന്ത്രിക്കുകയും ചെയ്‌തു. ഞായറാഴ്‌ച വൈകുന്നേരം വിമാനം ബോസ്‌റ്റണിൽ ഇറങ്ങിയ ഉടൻ ടോറസിനെ ബോസ്‌റ്റൺ ലോഗൻ ഇന്‍റർനാഷണൽ എയർപോർട്ടിൽ വച്ച് പൊലീസ് അറസ്‌റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കിയ ശേഷം മാർച്ച് ഒമ്പതിന് നടക്കാനിരിക്കുന്ന ഹിയറിംഗിനായി കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു.
എമർജൻസ് എക്‌സിറ്റ് ഡോർ ഹാൻഡിൽ എവിടെയാണെന്ന് ടോറസ് ഫ്ളൈറ്റ് പുറപ്പെടുന്നതിന് മുമ്പ് സഹയാത്രികനോട് ചോദിച്ചതായി വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഫ്ലൈറ്റ് അറ്റൻഡന്‍റിനെ ആക്രമിക്കുന്നതിന് മുമ്പ് അദ്ദേഹം വിമാനത്തിന്‍റെ ഗ്യാലിയിൽ നടക്കുകയായിരുന്നുവെന്നും പ്രസ്‌താവനയിൽ പറയുന്നുണ്ട്. നിയമം അനുസരിച്ച്, അപകടകരമായ ആയുധം ഉപയോഗിച്ച് ഫ്ലൈറ്റ് ക്രൂ അംഗങ്ങളെ ഉപദ്രവിച്ചതിനും, യാത്രക്കാരുടെ ജീവന് ഭീഷണി ആയതിനും ജീവപര്യന്തം വരെ തടവും 250,000 ഡോളർ വരെ പിഴയും ലഭിക്കും.