ന്യൂഡല്‍ഹി:ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടപ്പാക്കി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍(UPSC). ഇനി മുതല്‍ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച് ഓണ്‍ലൈനായി ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്യണം. അപേക്ഷ പ്രക്രിയ കൂടുതല്‍ എളുപ്പത്തില്‍ ആകാനും ഉദ്യോഗാര്‍ഥികളുടെ സമയം ലാഭിക്കാനും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പദ്ധതി നടപ്പാക്കിയതിലൂടെ സാധ്യമാവുമെന്ന് യുപിഎസ്‌സി അധികൃതര്‍ വ്യക്തമാക്കി.
ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയായാല്‍ ഉദ്യോഗാര്‍ഥിയുടെ വിവരങ്ങള്‍ മുഴുവന്‍ സുരക്ഷിതമായി യുപിഎസ്‌സിയുടെ സര്‍വറുകളില്‍ സൂക്ഷിക്കപ്പെടും. ഇതിന് ശേഷം ഏത് പരീക്ഷയ്‌ക്കാണോ ഉദ്യോഗാര്‍ഥി ഓണ്‍ലൈനായി അപേക്ഷിക്കുന്നത് അപ്പോള്‍ ആവശ്യമായതിന്‍റെ എകദേശം 70 ശതമാനം വിവരങ്ങളും ഓട്ടോമാറ്റിക്കായി പൂരിപ്പിക്കപ്പെടുമെന്ന് യുപിഎസ്‌സി വ്യക്തമാക്കി.
യുപിഎസ്‌സി നടത്തുന്ന പരീക്ഷയ്‌ക്കായി ഓരോ തവണ അപേക്ഷിക്കുമ്പോഴും വ്യക്തിഗത വിവരങ്ങള്‍ വീണ്ടും വീണ്ടും പൂരിപ്പിക്കേണ്ട അവശ്യം ഇല്ലാതായി. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ സംവിധാനം നടപ്പാക്കിയതോടെ തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കുമെന്നും യുപിഎസ്‌സി വ്യക്തമാക്കി. യുപിഎസ്‌സിയുടെ upsc.gov.in, upsconline.nic.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.