ന്യൂഡൽഹി: ഡൽഹിയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്‌ഐ)യുടെ ഓഫീസുകളിൽ എസ്‌ടിഎഫ് പരിശോധന നടത്തി. ഉത്തർപ്രദേശ് പൊലീസിന്‍റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) വ്യാഴാഴ്‌ചയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകളിൽ പരിശോധന നടത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് പിഎഫ്ഐ യുവനേതാവ് റൗഫ് ഷെരീഫിനെ പൊലീസ് ചോദ്യം ചെയ്ത ശേഷമാണ് പരിശോധന. ഫെബ്രുവരി 21നും പിഎഫ്‌ഐ ഓഫീസിൽ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു.
ഡൽഹിയിൽ പിഎഫ്‌ഐ ഓഫീസുകളിൽ എസ്‌ടിഎഫ് പരിശോധന
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് പിഎഫ്ഐ യുവനേതാവ് റൗഫ് ഷെരീഫിനെ പൊലീസ് ചോദ്യം ചെയ്ത ശേഷമാണ് പരിശോധന.
ക്യാമ്പസ് ഫ്രണ്ട് ഇന്ത്യ (സിഎഫ്‌ഐ) എന്നറിയപ്പെടുന്ന പിഎഫ്‌ഐയുടെ വിദ്യാർഥി വിഭാഗത്തിന്‍റെ ജനറൽ സെക്രട്ടറിയാണ് ഷെരീഫ്. കഴിഞ്ഞ ഡിസംബറിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് ഷെരീഫിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കസ്റ്റഡിയിലെടുത്തിരുന്നു. ഹത്രാസ് കേസുമായി ബന്ധപ്പെട്ടും ഉത്തർപ്രദേശ് പോലീസും അദ്ദേഹത്തെ ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട നിയുക്ത സംഘം സംശയമുള്ള വ്യക്തികളുടെ ഒരു പട്ടിക തയാറാക്കി അവരുടെ താവളങ്ങളിൽ തിരച്ചിൽ നടത്തി വരുന്നുണ്ട്. ഇവിടങ്ങളിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഏജൻസി അവകാശപ്പെടുന്നു.
പൗരത്വ ഭേദഗതി നിയമ(സിഎഎ)ത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ സംസ്ഥാനത്ത് കലാപത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ച് ഉത്തർപ്രദേശ് സർക്കാർ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.