ന്യൂഡല്‍ഹി:ഉത്തർപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയെയും സമാജ്‌വാദി പാർട്ടിയെയും വിമർശിച്ച് ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി) വക്താവ് സുധീന്ദ്ര ഭഡോരിയ. ഉത്തർപ്രദേശിൽ ബിജെപി രാമന്‍റെ പേരിലും സമാജ്‌വാദി പാർട്ടി ജിന്നയുടെ പേരിലുമാണ് വോട്ട് തേടുന്നത്. എന്നാൽ ജനങ്ങൾ വോട്ട് ചെയ്യുന്നത് മതത്തിന്‍റെ അടിസ്ഥാനത്തിലല്ലെന്നും മറിച്ച് പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ഭഡോരിയ മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ:12 അടി ഉയരമുള്ള ആദി ശങ്കരാചാര്യ പ്രതിമ; അനാച്ഛാദനം ചെയ്‌ത് പ്രധാനമന്ത്രി
'അവർ എന്ത് ജോലിയാണ് ചെയ്‌തത്? സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്തുന്നതിൽ ഇരു പാർട്ടികളും പരാജയപ്പെട്ടു. ജനങ്ങൾ ബിഎസ്‌പി ഭരണം ആഗ്രഹിക്കുന്നു. അതിനാലാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഎസ്‌പി സർക്കാർ രൂപീകരിക്കുന്നത്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത വർഷം ആദ്യം നടക്കാനിരിക്കുകയാണ്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 312 നിയമസഭാ സീറ്റുകൾ നേടി ബിജെപി വൻ വിജയം നേടിയിരുന്നു. 403 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പാർട്ടി 39.67 ശതമാനം വോട്ട് വിഹിതം നേടി.
സമാജ്‌വാദി പാർട്ടി 47 സീറ്റുകളും ബിഎസ്‌പി 19 സീറ്റുകളും നേടിയപ്പോൾ കോൺഗ്രസിന് ഏഴ് സീറ്റുകൾ മാത്രമാണ് നേടാനായത്.