ലഖ്‌നൗ: പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഹൈന്ദവ തീർത്ഥാടന സംഗമമായ മഹാ കുംഭമേളയുടെ തയ്യാറെടുപ്പുകൾക്കായി ബജറ്റിൽ 2,500 കോടി രൂപ അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ. 2022 - 2023 സാമ്പത്തിക വർഷത്തിൽ 621.55 കോടി രൂപയാണ് വകയിരുത്തിയതെങ്കിൽ അതിന്‍റെ നാല് ഇരട്ടിയിലധികമാണ് 2025ൽ നടക്കുന്ന കുംഭമേളയ്‌ക്കായി സർക്കാർ അനുവദിച്ചിരിക്കുന്നത്. അലഹബാദിലെ പ്രയാഗ് രാജ്, ഹരിദ്വാർ, ഉജ്ജെയ്‌ൻ, നാസിക് എന്നിവിടങ്ങളിലായി കുംഭമേള നടക്കുക.
ക്ഷേത്ര വികസനത്തിന് വാരിക്കോരി: അയോധ്യയിലേക്കുള്ള മൂന്ന് പ്രവേശന റോഡുകളുടെ വീതികൂട്ടി മനോഹരമാക്കുന്ന പ്രവൃത്തി അടുത്ത രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. അയോധ്യയിൽ പണികഴിപ്പിക്കുന്ന ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്‍റെ നിർമാണം പൂർത്തിയാകുന്നതോടെ ടൂറിസം മേഖലയുടെ വളർച്ച കണക്കിലെടുത്താണ് റോഡുകൾ വീതികൂട്ടി മോടിപിടിപ്പിക്കുന്നത്. അതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ബുധനാഴ്‌ച (22.02.2023) നടന്ന സംസ്ഥാന ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി സുരേഷ് കുമാർ ഖന്ന പറഞ്ഞു.
സംസ്ഥാനത്തെ മതപരവും ചരിത്ര പ്രാധാന്യമുള്ളതുമായ നഗരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി 50 കോടി രൂപയാണ് അനുവദിച്ചത്. മതപരമായി ബന്ധപ്പെട്ട റോഡുകളുടെ നവീകരണത്തിനായി 1000 കോടി രൂപയും ബജറ്റിൽ വകയിരുത്തി. 2022-23 വർഷത്തിൽ 621.55 കോടിയാണ് കുംഭമേളയ്‌ക്കായി നീക്കിവെച്ചതെങ്കിൽ 2025ൽ നടക്കുന്ന തീർഥാടന സംഗമത്തിനായി 2500 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി പറഞ്ഞു. എന്നാൽ ഉത്തർ പ്രദേശ് ഇക്കോ ടൂറിസം, ലഖ്‌നൗ ബോർഡ് എന്നിവയ്‌ക്കായി വെറും രണ്ടരക്കോടി രൂപ മാത്രമാണ് വകയിരുത്തിയത്.