ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പെണ്‍സുഹൃത്തിനെ വിവാഹം കഴിക്കാനായി ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തിയ യുവതി കല്യാണം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി കോടതിയില്‍ അപേക്ഷ നല്‍കി. ബറേലിയിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇരുവരും അപേക്ഷ സമര്‍പ്പിച്ചത്. സംഭവത്തില്‍ കേസുമായി മുന്നോട്ട് പോകുന്ന കാര്യത്തില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) സര്‍ക്കാര്‍ അഭിഭാഷകരോട് നിയമോപദേശം തേടിയിട്ടുണ്ട്.
സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരമാണ് ഇരുവരും അപേക്ഷ സമര്‍പ്പിച്ചത്. ഇതാദ്യമായാണ് ഇത്തരമൊരു കേസ് ഞങ്ങള്‍ക്ക് മുന്നില്‍ വരുന്നതെന്നും വിശദമായി പഠനം നടത്തിയതിന് ശേഷം മാത്രമേ കേസില്‍ വിധി പറയുകയുള്ളൂവെന്നും ജസ്റ്റിസ് പ്രത്യുഷ് പാണ്ഡെ പറഞ്ഞു. ബദൗണ്‍ സ്വദേശിയും ബറേലി സ്വദേശിയുമായ ഇരുവരും സ്വകാര്യ കമ്പനിയിലെ ജോലിക്കാരാണ്. കമ്പനിയില്‍ വച്ചാണ് ഇരുവരും ആദ്യമായി പരിചയപ്പെട്ടത്.
എല്ലാ ദിവസവും ജോലിക്കിടെ കണ്ടുമുട്ടുന്ന ഇരുവരും തമ്മിലുണ്ടായ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. രണ്ട് പേരും കുടുംബത്തോട് വിവരം പറഞ്ഞെങ്കിലും ആ ബന്ധത്തെ കുടുംബം നിരസിച്ചു. ഇതോടെ കുടുംബങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ഇരുവരും ജീവിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് യുവതികളിലൊരാള്‍ ലിംഗ മാറ്റ ശസ്‌ത്രക്രിയക്ക് വിധേയമാകാന്‍ തീരുമാനിച്ചത്.
ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഇരുവരും അപേക്ഷയുമായി കോടതിയെ സമീപിച്ചത്.
കാമുകിക്കായി ലിംഗമാറ്റം നടത്തി, ഒടുക്കം : നേരത്തെ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ സമാനമായ സംഭവമുണ്ടായി. പെണ്‍സുഹൃത്തിനെ വിവാഹം കഴിക്കാനായി കൂട്ടുകാരി ലിംഗമാറ്റം നടത്തിയതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്. ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം സുഹൃത്ത് വിവാഹത്തിന് വിസമ്മതിച്ചെന്നും മറ്റൊരാളുമായി പ്രണയത്തിലായെന്നുമായിരുന്നു പരാതി.