മഥുര :ഉത്തര്‍പ്രദേശിലെ ഒരു കര്‍ഷകന്‍ തന്‍റെ ദുഃഖഭാരം വെള്ളക്കടലാസില്‍ പരാതിയായി എഴുതിയെഴുതി കത്തുകള്‍ ആകെ 12 കിലോയില്‍ എത്തിയിരിക്കുകയാണ്. ആറുവര്‍ഷക്കാലമായി അദ്ദേഹം അധികൃതര്‍ക്ക് തന്‍റെ സങ്കടങ്ങള്‍ ഉള്ളുതുറന്നെഴുതാന്‍ തുടങ്ങിയിട്ട്. എന്നിട്ടും, നീതി വിദൂരസ്വപ്‌നമാണ് മഥുര, ധാകു ബിബാവലി സ്വദേശിയായ ചരൺ സിങ്ങിന്.
കണ്ടുകെട്ടിയ സ്ഥലം തിരികെ കിട്ടാന്‍ എഴുതിയ കത്തുകള്‍ ആകെ 12 കിലോ ; ആറാം വര്‍ഷവും നീതിയ്‌ക്കായി അലഞ്ഞ് യുപി കര്‍ഷകന്‍
ഉത്തര്‍പ്രദേശ് മഥുര സ്വദേശിയായ കര്‍ഷകന്‍ ആറുവര്‍ഷമെടുത്താണ് നിരപരാധിത്വം തെളിയിക്കുന്ന 12 കിലോ വരുന്നത്രയും കത്തുകളെഴുതിയത്
ഗ്രാമത്തലവനും വില്ലേജ് സെക്രട്ടറിയും ചേര്‍ന്ന് തഹസിൽദാരുടെ ഒത്താശയോടെ തന്‍റെ ഭൂമി കൈവശപ്പെടുത്തി എന്നാണ് ചരൺ സിങ്ങിന്‍റെ പരാതി. ഇതുമായി ബന്ധപ്പെട്ട് ഓഫിസുകള്‍ കയറി ഇറങ്ങിയതിന് കണക്കില്ലെന്ന് ചരണ്‍ സിങ് പറയുന്നു. ആകെ 211 കത്തുകളാണ് അധികൃതര്‍ക്ക് നല്‍കാനായി അദ്ദേഹം എഴുതിയത്. വെള്ളിയാഴ്‌ച (നവംബര്‍ 25) ജില്ല മജിസ്‌ട്രേറ്റിന്‍റെ ഓഫിസിൽ മുഴുവന്‍ കത്തുകളും തലയിൽ ചുമന്ന് സിങ് എത്തി. ഒപ്പം ഭൂമിയുമായി ബന്ധപ്പെട്ട് തന്‍റെ ഉടമസ്ഥത തെളിയിക്കുന്ന രേഖകളും.
50 വര്‍ഷക്കാലമായി ചരണ്‍ സിങ്ങിന്‍റെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമി, കൈയേറിയതാണെന്ന് അധികൃതര്‍ ഉറപ്പിച്ചുപറയുന്നു. 'വിഷയം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെങ്കിലും ഞാന്‍ ഭൂമി കൈയേറി എന്നാണ് സബ് ഡിസ്‌ട്രിക്‌ട് മജിസ്‌ട്രേറ്റ് അടക്കം ആരോപിക്കുന്നത്. എന്‍റെ ഭൂമിയിലെ കൃഷി അധികൃതർ നശിപ്പിച്ചു. അരനൂറ്റാണ്ടായി കുടുംബം ഇവിടെയാണ് താമസിക്കുന്നത്. എന്നിട്ടും, ഇത് എങ്ങനെയാണ് കൈയേറ്റമാകുന്നത്. ഇനിയെങ്കിലും അധികൃതര്‍ എന്നോട് കനിയണം' - ചരണ്‍ സിങ് വേദനയോടെ പറഞ്ഞു.