ലക്‌നൗ :പുതുതായി ഏഴ് പേരെക്കൂടി ഉള്‍പ്പെടുത്തി ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് മന്ത്രിസഭ പുനസംഘടിപ്പിച്ചു. അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലെത്തിയ ജിതിന്‍ പ്രസാദ ഉള്‍പ്പടെ ഏഴുപേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ രാജ്ഭവനിലെ ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആനന്ദിബെൻ പട്ടേൽ സത്യവാചകം ചൊല്ലിക്കൊടുത്തു.
ALSO READ:നുഴഞ്ഞ് കയറ്റ ശ്രമം; ബന്ദിപ്പൊരയില്‍ രണ്ട് ഭീകരരെ വധിച്ച് സൈന്യം
ജിതിന്‍ പ്രസാദയ്‌ക്ക് പുറമെ, ഛത്രപാൽ ഗംഗ്വാർ, പൽതു റാം, സഞ്ജീവ് കുമാര്‍ ഗൗർ, ധരംവീർ പ്രജാപതി, ദിനേശ് ഖാതിക്, സജ്ഞീവ് കുമാര്‍ ഗൗര്‍ എന്നിവരാണ് പുതിയ അംഗങ്ങള്‍. 23 ക്യാബിനറ്റ് മന്ത്രിമാർ ഉൾപ്പടെ 53 പേര്‍ യു.പി മന്ത്രിസഭയിലുള്ളപ്പോഴാണ് 7 അംഗങ്ങളെ കൂടി ചേര്‍ത്തത്. ഇതോടെ ആകെ മന്ത്രിമാര്‍ 60 ആയി.
അടുത്ത ആറ് മാസത്തിനുള്ളിൽ യു.പിയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിപുലീകരണം. ഗുജറാത്ത് പര്യടനം ഒഴിവാക്കിയാണ് ഗവർണർ ആനന്ദിബെൻ പട്ടേൽ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തത്. യോഗി ആദിത്യനാഥിനൊപ്പം മുതിര്‍ന്ന നേതാവ് രാധാമോഹൻ സിങ്, സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ് എന്നിവരാണ് പുതിയ മന്ത്രിസഭാംഗങ്ങളുടെ അന്തിമ പട്ടിക തയ്യാറാക്കിയത്.